അല്‍ഷിമേഴ്‌സ് സാധ്യത: ക്രിസ് ഹെംസ്‌വര്‍ത്ത് അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുന്നു

By Shyma Mohan.20 11 2022

imran-azhar

 

 

ഭാവിയില്‍ അല്‍ഷിമേഴ്‌സ് പിടിപെടാനുള്ള സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി തോര്‍ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രം അവതരിപ്പിച്ച ഹോളിവുഡ് നടന്‍ ക്രിസ് ഹെംസ്‌വര്‍ത്ത്.

 

വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് ജനിതകമായ കാരണങ്ങളാല്‍ തനിക്ക് അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്നും അതിനാല്‍ കുറച്ചുകാലം അഭിനയത്തില്‍ നിന്നും അവധിയെടുക്കുന്നുവെന്നും ഹെംസ്‌വര്‍ത്ത് വെളിപ്പെടുത്തിയത്.

 

39 കാരനായ ഓസ്ട്രേലിയന്‍ താരം ഡിസ്‌നി പ്ലസില്‍ സ്ട്രീം ചെയ്യാനിരിക്കുന്ന സീരീസിന്റെ ചിത്രീകരണത്തിനിടെ പതിവ് പരിശോധനകള്‍ക്ക് വിധേയനാകുന്നതിനിടെയാണ് ഈ അല്‍ഷിമേഴ്‌സ് സാധ്യത മനസിലാക്കിയത്.

 

നമ്മുടെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കണമെന്നാണ് കരുതപ്പെടുന്നത്. ഓര്‍മ്മകളാണ് നമ്മെ രൂപപ്പെടുത്തുന്നതും നമ്മളെ നമ്മളാക്കുന്നതും. ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചും ഓര്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരിക്കും എന്റെ ഏറ്റവും വലിയ പേടിയെന്നും താരം പറയുന്നു.

 

പരിശോധനയില്‍ ക്രിസ് ഹെംസ്‌വര്‍ത്ത് എപിഒഇ4 (APOE4) ജീനിന്റെ രണ്ട് പതിപ്പുകള്‍ വഹിക്കുന്നു എന്നാണ് കണ്ടെത്തിയത്. ഇത് അല്‍ഷിമേഴ്സ് രോഗത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. എന്നിരുന്നാലും, ഇത് അല്‍ഷിമേഴ്സിന്റെ രോഗനിര്‍ണ്ണയമല്ലെന്നും നടനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

 

കുറച്ച് സമയം വിശ്രമം എടുക്കണം എന്ന തീരുമാനം എന്നിലുണ്ടായി. ഇപ്പോള്‍ അഭിനയിക്കുന്ന ഷോ പൂര്‍ത്തിയാക്കണമെന്നും ഇതിനകം ചെയ്യാന്‍ കരാര്‍ ചെയ്ത ചില പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നുവെന്നും നാഷണല്‍ ജിയോഗ്രാഫിക്കിന്റെ ലിമിറ്റ്ലെസിന്റെ ഒരു എപ്പിസോഡിനിടെ നടന്‍ പറഞ്ഞു.

 

വാനിറ്റി ഫെയര്‍ അഭിമുഖത്തിനിടെ മുത്തച്ഛന് അല്‍ഷിമേഴ്സ് ഉള്ളതിനാല്‍ ഇപ്പോഴത്തെ രോഗനിര്‍ണയത്തില്‍ ആശ്ചര്യമില്ലെന്ന് ക്രിസ് ഹെംസ്‌വര്‍ത്ത് പറയുന്നു. ഈ കണ്ടെത്തല്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതനാക്കിയെന്ന് താരം പറഞ്ഞു.

OTHER SECTIONS