സൈന്യത്തെ അപമാനിച്ചു; ഏക്താ കപൂറിനും അമ്മക്കുമെതിരെ അറസ്റ്റ് വാറണ്ട്

By Shyma Mohan.29 09 2022

imran-azhar

 


പട്‌ന: സൈന്യത്തെ അപമാനിച്ചെന്നാരോപിച്ച് ചലച്ചിത്ര - ടെലിവിഷന്‍ നിര്‍മ്മാതാവ് ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനുമെതിരെ അറസ്റ്റ് വാറണ്ട്.

 

XXX സീസണ്‍2 എന്ന വെബ് സീരീസില്‍ സൈനികരെ അപമാനിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ചാണ് ബീഹാറിലെ ബെഗുസരായിയിലെ പ്രാദേശിക കോടതി ഏക്താ കപൂറിനും അമ്മയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

 

ബെഗുസരായ് സ്വദേശിയായ മുന്‍ സൈനികന്‍ ശംഭു കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി വികാസ് കുമാര്‍ അമ്മയ്ക്കും മകള്‍ക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. 2020ല്‍ സമര്‍പ്പിച്ച പരാതിയില്‍ വെബ്‌സീരീസില്‍ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുന്‍ സൈനികന്‍ ആരോപിച്ചിട്ടുണ്ട്.

 

ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ ALTബാലാജിയിലാണ് പരമ്പര സംപ്രേഷണം ചെയ്തത്. എതിര്‍പ്പിനെ തുടര്‍ന്ന് പരമ്പരയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്തതായി ഏക്താ കപൂര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

 

പ്യാര്‍ ഓര്‍ പ്ലാസ്റ്റിക് എന്ന രണ്ടാം സീസണിലെ എപ്പിസോഡുകളില്‍ ഒന്നാണ് ഏക്തയെ വിവാദത്തിലാക്കിയത്. എപ്പിസോഡില്‍ ഒരു ജവാന്റെ ഭാര്യ ഭര്‍ത്താവ് ഡ്യൂട്ടിക്ക് പോയിരിക്കുമ്പോള്‍ വിവാഹേതര ബന്ധം പുലര്‍ത്തുന്നതായി ചിത്രീകരിച്ചിരുന്നു.

OTHER SECTIONS