By santhisenanhs.24 09 2022
ആദ്യ വെബ് സിരീസുമായി ദുല്‍ഖര്‍ സല്മാന്. നെറ്റ്ഫ്ലിക്സിനു വേണ്ടി പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്ന് ഒരുക്കിയിട്ടുള്ള സിരീസിന്റെ പേര് ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്നാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരുന്ന സിരീസിന്റെ ടീസര്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ഹോളിവുഡ് വെസ്റ്റേണുകളോട് സാമ്യം തോന്നിപ്പിക്കുന്ന തരത്തിലാണ് ടീസര്‍ അണിയറക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.
കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിരീസിന്റെ ടീസറില്‍ ദുല്‍ഖര്‍ സല്മാന് അവതരിപ്പിക്കുന്ന കഥാപാത്രം പ്രാധാന്യത്തോടെ തന്നെ കടന്നുവരുന്നുണ്ട്. രാജ്കുമാര് റാവുവാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദര്‍ശ് ഗൌരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന സിരീസിന്റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് ആന്‍ഡ് ഡികെയോടൊപ്പം സുമന് കുമാര്‍ കൂടി ചേര്‍ന്നാണ്. സീതാ മേനോനും രാജ് ആന്‍ഡ് ഡികെയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പങ്കജ് കുമാര്‍ ആണ് ഛായാഗ്രഹണം. നെറ്റ്ഫ്ലിക്സുമായി ചേര്‍ന്ന് ഡി 2 ആര് ഫിലിംസ് ആണ് നിര്‍മ്മാണം. സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.