By Shyma Mohan.28 11 2022
കൊച്ചിയില്‍ 40000 ചതുരശ്രയടി ചുറ്റളവില്‍ സ്റ്റുഡിയോ ഫ്‌ളോറുമായി ശ്രീഗോകുലം മൂവീസ് നിര്‍മ്മാണ കമ്പനി.
സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മോഡലുര്‍ ഫ്‌ളോറായിരിക്കും കൊച്ചിയില്‍ ഒരുങ്ങുക. ഗോകുലം മൂവീസിന്റെ ബാനറില്‍ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന വെര്‍ച്വല്‍ റിയാലിറ്റി ചിത്രം കടമറ്റത്ത് കത്തനാറിനുവേണ്ടിയാണ് ഫ്‌ളോര്‍ ഒരുങ്ങുന്നത്.
മലയാള സിനിമയ്ക്ക് ശ്രീഗോകുലം മൂവീസിന്റെ സ്റ്റുഡിയോ ഫ്‌ളോര്‍ ഒരു നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല. മലയാളത്തിന് പുറത്തുള്ള ചിത്രങ്ങള്‍ക്കും ചിത്രീകരണത്തിനായി ഫ്‌ളോര്‍ ഉപയോഗിക്കാനാകും.
ജയസൂര്യ നായകനാകുന്ന കടമറ്റത്ത് കത്തനാറിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടി ആരി അലക്‌സ ക്യാമറ വാങ്ങുകയും ഇതുപയോഗിച്ച് ഒരാഴ്ച്ചയോളം നീണ്ടു നിന്ന ടെസ്റ്റ് ചിത്രീകരണം കൊച്ചിയിലെ ത്രീ ഡോട്ട് സ്റ്റുഡിയോയില്‍ നടക്കുകയും ചെയ്തിരുന്നു.
ആധുനിക സാങ്കേതിക മികവോടെ വന്‍ മുതല്‍മുടക്കോടെയാണ് കടമറ്റത്ത് കത്തനാരെ അണിയിച്ചൊരുക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയും അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായി വെര്‍ച്വല്‍ സാങ്കേതിക വിദ്യയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിനു പുറമേ ഇന്ത്യയിലെ വന്‍കിട ഭാഷാചിത്രങ്ങളിലേയും അഭിനേതാക്കളും അണിനിരക്കുന്ന കത്തനാര്‍ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും..