By Shyma Mohan.26 11 2022
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകന്‍ ശ്രീനാഥ് വിവാഹിതനായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തും സംവിധായകന്‍ സേതുവിന്റെ മകളുമായ അശ്വതിയാണ് വധു. ഫാഷന്‍ സ്റ്റൈലിസ്റ്റാണ് അശ്വതി.
നടന്‍മാരായ ജയറാം, ഇന്ദ്രന്‍സ്, മണിയന്‍പിള്ള രാജു, റഹ്‌മാന്‍, സംവിധായകന്‍ ജോഷി, ടൊവിനോ തോമസ്, മമ്ത മോഹന്‍ദാസ്, അനു സിതാര, രഞ്ജിനി ഹരിദാസ് തുടങ്ങിയവരും വിവാഹ ചടങ്ങില്‍ വധുവരന്‍മാര്‍ക്ക് ആശംസകള്‍ നേരാനെത്തി.
2009ലെ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥിയായിരുന്ന ശ്രീനാഥിന് ഏറെ ആരാധകരാണുണ്ടായിരുന്നത്. ഇളയ ദളപതി വിജയിയുടെ സിനിമയിലെ ഗാനങ്ങള്‍ പാടിയാണ് ശ്രീനാഥ് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്.
മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് ശ്രീനാഥ് സംഗീത സംവിധാനനായി അരങ്ങേറ്റം കുറിച്ചത്. സബാഷ് ചന്ദ്ര ബോസ്, മേ ഹും മൂസ തുടങ്ങിയ ചിത്രങ്ങളിലും ശ്രീനാഥ് ഗാനമൊരുക്കി.