By Shyma Mohan.30 11 2022
പ്രഭാസിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ അടുത്തിടെയായി ഉയരുന്ന പേരാണ് ബോളിവുഡ് താരം കൃതി സനോന്റേത്. ആദിപുരുഷിലാണ് ഇരുവരും അഭ്രപാളികളില്‍ ജോഡിയായി എത്തുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരെയും ജോഡികളായി കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുമുണ്ട്.
ഒരു അഭിമുഖത്തില്‍ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ പ്രഭാസിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കൃതി സനോന്‍ പറയുകയുമുണ്ടായി. കാര്‍ത്തിക് ആര്യന്, ടൈഗര്‍ ഷ്റോഫ്, പ്രഭാസ്. ഇവരില്‍ ആരെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായാണ് കൃതി പ്രഭാസിന്റെ പേര് പറഞ്ഞത്. ഇരുവരും തമ്മിലുള്ള ബന്ധം ഒന്നുകൂടി ഗോസിപ്പ് കോളങ്ങളില്‍ അരക്കിട്ടുറപ്പിക്കാന്‍ കൃതിയുടെ മറുപടിക്കായി. പോരാത്തതിന് ബോളിവുഡ് നടന് വരുണ്‍ ധവാന് പല വേദികളിലും കൃതിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെ പ്രഭാസും കൃതി സനോണും തമ്മിലുള്ള വിവാഹ നിശ്ചയം ആദിപുരുഷിനുശേഷം ഉണ്ടാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കാനിടയാക്കി.
എന്നാല്‍ അഭ്യൂഹങ്ങളോട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുകയാണ് കൃതി. ഇത് പ്രണയവുമല്ല പിആറുമല്ലെന്നും വരുണ്‍ ധവാന് തമാശയായാണ് അങ്ങനെ പറഞ്ഞതെന്നും കൃതി വ്യക്തമാക്കി. ചില പോര്‍ട്ടലുകള്‍ തന്റെ കല്യാണ തീയതി പ്രഖ്യാപിക്കും മുമ്പ് താന്‍ ആ കുമിള പൊട്ടിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കൃതി പറഞ്ഞു.
ഭേദിയയുടെ പ്രമോഷനായി ജലക് ദിഖ്ല ജാ എന്ന ഷോയില്‍ കൃതിയും വരുണ്‍ ധവാനും എത്തിയ വേളയിലും വരുണ്‍ ധവാന് ഇരുവരുടെയും ബന്ധം ആരോപിച്ചിരുന്നു. ഷോയില്‍ വരുണ്‍ ധവാന് കരണ്‍ ജോഹറിനോട് ചോദിച്ചു, മാധുരി ദീക്ഷിത് അല്ലാതെ ആരാണ് ഇതില്‍ ഏറ്റവും സുന്ദരി? കജോള്‍, റാണി, ആലിയ, കരീന, ദീപിക എന്നിവരായിരുന്നു ഓപ്ഷനുകള്‍. ഇതിന് മറുപടിയായി കരണ്‍ ജോഹര്‍ ദീപിക പദുകോണിന്റെ പേര് സ്വീകരിച്ചു. അപ്പോള്‍ കരണ്‍ ജോഹര്‍ വരുണിനോട് ചോദിച്ചു, എന്തുകൊണ്ടാണ് കൃതിയെ തന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത്? കൃതിയുടെ പേര് പട്ടികയില്‍ ഇല്ല. കാരണം അവളുടെ പേര് ഒരാളുടെ ഹൃദയത്തില്‍ ഉണ്ടെന്നായിരുന്നു വരുണ്‍ ധവാന്റെ മറുപടി. അത് ആരുടെ ഹൃദയത്തിലാണെന്ന കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മുംബൈയില്‍ ഇല്ലാത്ത ഒരാളാണ്, അദ്ദേഹം ഇപ്പോള്‍ ദീപിക പദുക്കോണിനൊപ്പം ചിത്രീകരണത്തിലാണെന്നായിരുന്നു വരുണ്‍ ധവാന്റെ മറുപടി. വരുണ്‍ ധവാന്റെ ഈ മറുപടി കേട്ട് കൃതി സനോണ്‍ പുഞ്ചിരിക്കാന്‍ തുടങ്ങി.