'ശങ്കരാഭരണം'; ഇതിഹാസ സിനിമ സമ്മാനിച്ച കെ.വിശ്വനാഥ് വിടവാങ്ങി

By Shyma Mohan.03 02 2023

imran-azhar

 

 

സംഗീത സാന്ദ്രമായ ചിത്രങ്ങളുടെ സംവിധായകന്‍ കെ. വിശ്വനാഥ് വിടവാങ്ങി. കെ.വിശ്വനാഥ് എന്ന അതുല്യ പ്രതിഭയുടെ വിയോഗ വേദനയിലാണ് തെലുങ്ക് സിനിമാ ലോകം. 91ാം വയസ്സില്‍ വര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

 

കെ.വിശ്വനാഥിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. തെലുങ്ക് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ കെ.വിശ്വനാഥിന്റെ ഓര്‍മകള്‍ പങ്കുവച്ചും അനുശോചനങ്ങള്‍ രേഖപ്പെടുത്തിയും രംഗത്തെത്തി. മമ്മൂട്ടി, കമല്‍ഹാസന്‍, ചിരഞ്ജീവി, രജനീകാന്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അനുശോചനം അറിയിച്ചു.

 

വാണിജ്യ ചിത്രങ്ങള്‍ക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്കു സിനിമയ്ക്ക് ദേശീയതലത്തില്‍ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകനായിരുന്നു കാശിനാധുണി വിശ്വനാഥ് എന്ന കെ. വിശ്വനാഥ്. മദ്രാസിലെ വാഹിനി സ്റ്റുഡിയോയില്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റായി കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് തന്നെ വലിയ മുതല്‍ക്കൂട്ടായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

 

1980ല്‍ പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന സിനിമയാണ് വിശ്വനാഥിനെ ലോകസിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാന്‍ ഇന്ത്യന്‍ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം കൂടിയായിരുന്നു ശങ്കരാഭരണം. കര്‍ണാടക സംഗീതവും പാശ്ചാത്യ സംഗീതവും തമ്മിലുള്ള അന്തരത്തെ കുറിച്ച് പറഞ്ഞ ചിത്രം അവിശ്വസനീയമായ വിജയമായിരുന്നു നേടിയത്. തുടര്‍ന്ന് അതേ പേരില്‍ തന്നെ ചിത്രം മലയാളത്തിലടക്കം വിവിധ ഭാഷകളില്‍ മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തി. ഇതോടെ കെ വിശ്വനാഥ് എന്ന സംവിധായകനെ ഇന്ത്യന്‍ സിനിമ ഏറ്റെടുക്കുക ആയിരുന്നു. 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വര്‍ണ്ണകമലം പുരസ്‌കാരവും ചിത്രത്തെ തേടി. അമ്പതില്‍പ്പരം ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെ വിശ്വനാഥ് തിരക്കഥാകൃത്തും അഭിനേതാവും കൂടി ആയിരുന്നു. യാരടി നീ മോഹിനി, ലിംഗ, ഉത്തമ വില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

 

1992ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. ഭാരത സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് 2016 ല്‍ കെ. വിശ്വനാഥിന് ലഭിച്ചു. 'ശങ്കരാഭരണം'എന്ന ഇതിഹാസം ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച കെ വിശ്വനാഥ് അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഇനിയും പ്രേക്ഷക മനസ്സില്‍ ജീവിക്കും.

 

 

OTHER SECTIONS