200 കോടിയുടെ തട്ടിപ്പ്; നടി നോറ ഫത്തേഹിയെ വീണ്ടും ചോദ്യം ചെയ്തു

By santhisenanhs.03 09 2022

imran-azhar

 

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടു നടിയും നർത്തകിയുമായ നോറ ഫത്തേഹിയെ ഡൽഹി പൊലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം ചോദ്യം ചെയ്തു.

 

ഡൽഹി മന്ദിർ മാർഗിലെ ഓഫിസിൽ 7 മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മലയാളി നടി ലീന മരിയ പോളിനും ഭർത്താവ് സുകാഷ് ചന്ദ്രശേഖറിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി.

 

മൊഴിയെടുക്കുന്നതിനായി കഴിഞ്ഞയാഴ്ച നോറയ്ക്കു പൊലീസ് നോട്ടിസ് അയച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നിനാണു നടി ഓഫിസിലെത്തിയത്. വൈകിട്ട് ആറു മണിയോടെ മടങ്ങിപ്പോയി.

 

ഇതേ കേസിൽ നോറ ഫത്തേഹിയെ നേരത്തേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടർ ശിവിന്ദർ സിങ്ങിന്റെ കുടുംബത്തിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തതിനാണു ലീനയേയും സുകാഷിനേയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്.

 

ലീനയ്ക്കും സുകാഷിനുമെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങളാണു ഡൽഹി പൊലീസ് എഫ്ഐആറിൽ ചുമത്തിയിരുന്നത്. ഈ എഫ്‌ഐആർ ശ്രദ്ധയിൽപ്പെട്ടതോടെയാണ്, ഇരുവരുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാൻ നോറയെ ഇഡി വിളിപ്പിച്ചത്.

 

നടി ജാക്വിലിൻ ഫെർണാണ്ടസിനെയും ചോദ്യം ചെയ്തിരുന്നു. നോറയെയും ജാക്വിലിനെയും സുകാഷ് വഞ്ചിച്ചെന്നാണ് നിഗമനം. സുകാഷ്, ബിജെപിയുടെ പാർട്ടി ഫണ്ടിലേക്കാണെന്നു പറഞ്ഞു 2020 ജൂൺ മുതൽ 30 തവണകളായി 200 കോടി തട്ടിയെടുത്തെന്നാണ് അതിഥി സിങ്ങിന്റെ പരാതി. ജയിലിലായിരുന്ന ശിവിന്ദർ സിങ്ങിന് ജാമ്യം നേടിതരാമെന്നു പറഞ്ഞാണ് പണം തട്ടിയത്.

OTHER SECTIONS