പഠാന് ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍! സ്‌ക്രീന്‍ കൗണ്ടിലും റെക്കോര്‍ഡ്

By Shyma Mohan.25 01 2023

imran-azhar

 


വിവാദങ്ങള്‍ കാറ്റില്‍ പറത്തി തിയേറ്ററുകളില്‍ എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന് മികച്ച പ്രേക്ഷക പ്രതികരണം. കേരളത്തിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

 

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാജ്യത്താകെ 5200 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുനനത്. വിദേശത്ത് 2500 സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിക്കും. മൊത്തം 7770 സ്‌ക്രീനുകളിലാണ് പഠാന്‍ റിലീസ് ചെയ്യുക.

 

പിവിആര്‍ സിനിമാസില്‍ മാത്രം പത്തുലക്ഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. കേരളത്തില്‍ 130 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യദിനം 56 കോടിയുടെ കളക്ഷന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ആദ്യ ദിന കളക്ഷനായി മാറിയേക്കും.

 


തമിഴിലും തെലുങ്കിലും ഇറങ്ങുന്ന പഠാന് ദക്ഷിണേന്ത്യയിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ ഹിന്ദി പതിപ്പാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഷാരുഖ് ഖാന്റെയും ജോണ്‍ എബ്രഹാമിന്റെയും സ്‌ക്രീന്‍ പ്രസന്‍സും അതി ഗംഭീര ആക്ഷന്‍ രംഗങ്ങളുമായാണ് പഠാന്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജോണ്‍ ഏബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തില്‍ ഷാരുഖിനൊപ്പം പ്രധാനവേഷങ്ങളില്‍ എത്തുന്നത്.നിര്‍മാതാക്കളായ യഷ് രാജിന്റെ സ്പൈ യൂണിവേഴ്സില്‍ ഒരുങ്ങുന്ന ആദ്യ സിനിമ കൂടിയാണ് പഠാന്‍. സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ അമ്പരിപ്പിക്കുന്ന വളര്‍ച്ചയില്‍ നിറം മങ്ങിയ ബോളിവുഡിന്റെ തിരിച്ച് വരവും പഠാന്‍ എന്ന ചിത്രത്തിലൂടെ ആയിരിക്കുമെന്നാണ് സിനിമാ പ്രേമികളുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ബോളിവുഡ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

 

പഠാനിലെ ബെഷറം രംഗ് എന്ന ഗാനം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഗാനത്തിലെ ഒരു രംഗത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പല കോണില്‍ നിന്ന് ഭീഷണികളും ഉയര്‍ന്നു. ചിത്രത്തിനെതിരെ ബോയ്കോട്ട് ക്യാമ്പയിനുകളും ആരംഭിച്ചിരുന്നു.

 

OTHER SECTIONS