By santhisenanhs.03 10 2022
ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനുമായി മണി രത്നം ചിത്രം പൊന്നിയിൻ സെൽവൻ. നാലാം ദിവസത്തിലേക്ക് പിന്നിടുമ്പോൾ 230 കോടിയാണ് ചിത്രം ലോകമൊട്ടാകെ വാരിക്കൂട്ടിയത്. ഓവർസീസ് കലക്ഷനിലൂടെ മാത്രം നൂറു കോടി നേടി.
വിദേശ രാജ്യങ്ങളിലും അപ്രതീക്ഷിത പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നും ചിത്രം ആദ്യദിനം വാരിയത്. അമേരിക്കൻ ബോക്സ് ഓഫിസില് നിന്നുമാത്രം 15 കോടി കലക്ഷൻ ലഭിച്ചു. ഐമാക്സിലാണ് വിദേശരാജ്യങ്ങളിൽ ചിത്രം എത്തുന്നത്.
കേരളത്തിൽ ഇതുവരെ കലക്ഷൻ പത്ത് കോടി പിന്നിട്ടു കഴിഞ്ഞു. ഇതോടെ ഈ വർഷം ആഗോള ബോക്സ്ഓഫിസ് കലക്ഷനിൽ ഏറ്റവും വലിയ ഓപ്പണിങ് ലഭിക്കുന്ന ചിത്രമായി പൊന്നിയിൻ സെൽവന് മാറി. 78. 29 കോടിയായിരുന്നു സിനിമയുടെ ആദ്യ ദിന കളക്ഷൻ. രണ്ടാം ദിനം 60.16 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ 3.70 കോടി നേടിയ ചിത്രം രണ്ടാം ദിനത്തിൽ മൂന്ന് കോടിയിലധികം കളക്ഷൻ സ്വന്തമാക്കി. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്.
പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർച്ചയായ പ്രതിസന്ധികളും അപകടങ്ങളും, സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവൻ. ചിത്രം ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്.
പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഒമ്പത് മാസത്തിനുള്ളിൽ റിലീസ് ചെയ്യുമെന്ന് മണിരത്നം വ്യക്തമാക്കിയിരുന്നു. ഒന്നാം ഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം നടന്നിരുന്നുവെന്നും വിഎഫ്എകസ് വർക്കുകൾ ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിൻ സെൽവനിൽ അണിനിരക്കുന്നത്.