By Shyma Mohan.05 11 2022
യാത്രകളും സാഹസികതകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. സമൂഹ മാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമല്ലെങ്കിലും വളരെ വിരളമായെത്തുന്ന താരത്തിന്റെ സാഹസിക ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടുതന്നെ വൈറലാകാറുമുണ്ട്.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം ആയിരുന്നു പ്രണവിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിശാഖ് സുബ്രഹ്മണ്യമായിരുന്നു നിര്‍മ്മാണം. രണ്ട് ദിവസം മുമ്പ് നടന്ന വിശാഖിന്റെ വിവാഹത്തില്‍ ഹൃദയം ടീമിലെ എല്ലാവരും പങ്കെടുത്തില്ലെങ്കിലും പ്രണവിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. പ്രണവ് എവിടെ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് വിശാഖ്.
പ്രണവ് ഒരു യാത്രയിലാണ്. വിവാഹനിശ്ചയത്തിന് അവന് എത്തിയിരുന്നു. അന്ന് തായ്ലാന്ഡിലായിരുന്ന അവന് ഫങ്ഷന് വേണ്ടി മാത്രമാണ് നാട്ടിലെത്തിയത്. ഈ വര്‍ഷം മുഴുവന്‍ ട്രിപ്പിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് അന്നേ അവന് പറഞ്ഞിരുന്നു. അടുത്ത കൊല്ലം അഭിനയിക്കാന്‍ വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കയാണെന്ന് വിശാഖ് പറയുന്നു.
വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തില്‍ വന്‍താരനിരയാണ് പങ്കെടുത്തത്. മോഹന്‍ലാലും സുചിത്രയും അടക്കമുള്ളവര്‍ വധൂവരന്മാര്ക്ക് ആശംസയുമായി എത്തിയപ്പോള്‍ ഏറെ ശ്രദ്ധേയമായത് നടന് ശ്രീനിവാസന്റെയും കുടുംബത്തിന്റെയും സാന്നിധ്യമാണ്.