By Shyma Mohan.07 12 2022
ഈ വര്‍ഷത്തെ ട്രൂ ലെജന്‍ഡ് - ഫ്യൂച്ചര്‍ ഓഫ് യങ് ഇന്ത്യ അവാര്‍ഡ് മെഗാ പവര്‍ സ്റ്റാര്‍ രാം ചരണിന്. സിനിമയ്ക്കും സമൂഹത്തിനും നല്കിയ സംഭാവനകള്‍ക്കാണ് പുരസ്കാരം.
ബ്ലഡ് ബാങ്ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാം ചരണ്‍ കഴിഞ്ഞ കുറെ കാലമായി പ്രവര്‍ത്തിച്ചു വരികയാണ്. ചിരഞ്ജീവി ബ്ലഡ് ബാങ്കിന്റെ ബോര്‍ഡിലായിരിക്കുമ്പോഴും അതിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോഴും അത് തന്റെ പിതാവ് ചിരഞ്ജീവിയുടെ ആശയമായിരുന്നുവെന്ന് രാം ചരണ്‍ അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് പറഞ്ഞു.
1999ല്‍ വൈദ്യശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും പുരോഗതിയുണ്ടായിട്ടും, കൃത്യസമയത്ത് രക്തം ലഭിക്കാത്തതിനെ തുടര്‍ന്ന് തന്റെ വളരെ അടുത്ത ബന്ധുവിന് ശസ്ത്രക്രിയയ്ക്കിടെ ജീവന് നഷ്ടപ്പെട്ടുവെന്നും തുടര്‍ന്നാണ് തന്റെ പിതാവ് ഉദാത്തമായ സംരംഭം ആരംഭിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് 75,000ത്തിലധികം സിനിമാ പ്രവര്‍ത്തകര്‍ക്ക് ചിരഞ്ജീവിയും രാം ചരണും സഹായം നല്‍കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2007ല്‍ തന്റെ ആദ്യ സിനിമ നിര്‍മ്മിക്കാന്‍ പോകുമ്പോള്‍ നിര്‍മ്മാതാക്കളെയും സംവിധായകരെയും അപേക്ഷിച്ച് തന്റെ സപ്പോര്‍ട്ട് സ്റ്റാഫിനെ പരിപാലിക്കാന്‍ പിതാവ് ഉപദേശിച്ചിരുന്നെന്നും എല്ലായ്പ്പോഴും മാനുഷിക മൂല്യങ്ങള്‍ ഊന്നിപ്പറയുകയും ആ ഗുണങ്ങള്‍ തന്നില്‍ വളര്‍ത്തുകയും ചെയ്തെന്നും രാം ചരണ്‍ പറഞ്ഞു.