തമിഴ് നടൻ ഹരീഷ് കല്യാൺ വിവാഹിതനായി

By santhisenanhs.29 10 2022

imran-azhar

 

ചുരുങ്ങിയ കാലങ്ങൾകൊണ്ട് തമിഴ് സിനിമാലോകത്ത് വ്യത്യസ്ത വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായ യുവതാരം ഹരീഷ് കല്യാൺ വിവാഹിതനായി. സംരംഭകയായ നർമദ ഉദയകുമാറാണ് വധു. ചെന്നൈക്കടുത്ത് തിരുവേർക്കാട് ജി.പി.എൻ പാലസിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും പങ്കെടുത്തു.

 

നടൻ ചിമ്പുവായിരുന്നു വിവാഹച്ചടങ്ങിലെ മുഖ്യാതിഥിയായി എത്തിയത്. വിവാഹചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹിതനാകാൻ പോവുന്ന വിവരം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. നർമദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

 

ദസറ നാളില്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഹരീഷ് കല്യാണ്‍ നര്‍മദയെ പരിചയപ്പെടുത്തിയത്. തന്റെ ഭാവി വധു എന്നായിരുന്നു നടന്‍ കുറിച്ചത്. തന്നെ പിന്തുണച്ച മാധ്യമങ്ങൾക്ക് ഹരീഷ് നന്ദിയും പറഞ്ഞു. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

 

പ്രണയവിവാഹമാണ് ഇരുവരുടേയും എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും ഹരീഷ് കല്യാൺ ഇത് നിഷേധിച്ചിരുന്നു. ഇരുവരുടേയും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നാണ് ഹരീഷ് പറഞ്ഞത്.

 

2010ൽ സിനിമയിൽ എത്തിയ ഹരീഷ് ബിഗ് ബോസ് തമിഴിൽ മത്സരാർത്ഥിയായതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പ്യാർ പ്രേം കാഥൽ, ധാരാള പ്രഭു, ഓ മനപ്പെണ്ണെ എന്നീ സിനിമകളിൽ അഭിനയിച്ചു. വേഴം എന്ന ചിത്രമാണ് ഹരീഷ് കല്യാണിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. സന്ദീപ് ശ്യാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സസ്പെൻസ് ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

OTHER SECTIONS