By parvathyanoop.15 11 2022
മുതിര്‍ന്ന തെലുങ്ക് നടനും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ മാറ്റുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം.ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1943 ലാണ് ഇദ്ധേഹത്തിന്റെ ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ഥ പേര്. 1960 കളില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു കൃഷ്ണ. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ 350 ലേറെ സിനിമകള്‍ ചെയ്തു.
1964 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ഒരോ വര്‍ഷവും ശരാശരി പത്ത് സിനിമകളിലാണ് അഭിനയിച്ചത് .1961ല്‍ കുല ഗൊത്രലു എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 1965ല്‍ പുറത്തിറങ്ങിയ തേനേ മനസുലു ചിത്രത്തിലാണ് നായകാനായി കൃഷ്ണ എത്തുന്നത്.
ഗുഡാചാരി 116 എന്ന ചിത്രത്തിലൂടെയാണ് സൂപ്പര്‍താര പദവിയിലെത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ 'ശ്രീ ശ്രീ' ആണ് അവസാന ചിത്രം.സത്രീ ജന്മ, പ്രൈവറ്റ് മാസ്റ്റര്‍, നിലവു ദൊപ്പിടി, അല്ലൂരി സീതാ രാമ രാജു, വിചിത്ര കുടുംബം, ബ്രഹ്മാസ്ത്രം, സിംഹാസനം, മൊഡ്ഡു ബിദ, റൗഡി നമ്പര്‍ 1, ഗുഡാചാരി 117, ഇന്‍സ്പെക്ടര്‍ രുദ്ര, വരസു, റൗഡി അണ്ണയ്യ, നമ്പര്‍ വണ്‍, സുല്‍ത്താന്‍, രാവണ, വംസി, അയോധ്യ, കന്തസാമി തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.
ഇന്ദിരാ ദേവിയായിരുന്നു ആദ്യഭാര്യ. നടന്മാരായ മഹേഷ് ബാബു, രമേഷ് ബാബു, നടി മഞ്ജുള, പ്രിയദര്‍ശിനി, പത്മാവതി തുടങ്ങിയവരാണ് ഈ ബന്ധത്തില്‍ ജനിച്ച മക്കള്‍.1967 ല്‍ സാക്ഷി എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടി വിജയ നിര്‍മലയുമായി പ്രണയത്തിലായി. തുടര്‍ന്ന് വിവാഹം കഴിക്കുകയും ചെയ്തു.
വിജയ നിര്‍മലയ്ക്കൊപ്പം ഏകദേശം നാല്‍പ്പതോളം സിനിമകളില്‍ കൃഷ്ണ പ്രവര്‍ത്തിച്ചിട്ടുണ്ട്. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നരേഷ് കൃഷ്ണയ്ക്ക് വിജയനിര്‍മലയില്‍ ജനിച്ച മകനാണ്.വ്യവസായിയായി ഗല്ല ജയദേവ്, നിര്‍മാതാവ് സഞ്ജയ് സ്വരൂപ്, നടിയും നിര്‍മാതാവുമായ നമ്രത ശിരോദ്കര് തുടങ്ങിയവര്‍ മരുമക്കളാണ്.