പ്രശസ്ത നടന്‍ വിക്രം ഗോഖലെ അന്തരിച്ചു

By Shyma Mohan.26 11 2022

imran-azhar

 

മുംബൈ: മുതിര്‍ന്ന ചലച്ചിത്ര - ടെലിവിഷന്‍ താരം വിക്രം ഗോഖലെ അന്തതരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 


2010ല്‍ മറാത്തി ചിത്രമായ അനുമതിയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. അമിതാഭ് ബച്ചന്റെ പര്‍വാന, ഹം ദില്‍ ദേ ചുകേ സനം, അഗ്നിപഥ്, ഖുദാ ഗവ, ഭൂല്‍ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്ത് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു. സംസ്‌കാരം വൈകിട്ട് പൂനെയിലെ വൈകുണ്ഠ ശ്മശാനത്തില്‍.

 


ടെലിവിഷനില്‍, ഘര്‍ ആജാ പര്‍ദേശി, അല്‍പ്വിരാം, ജാനാ ന ദില്‍ സേ ദൂര്‍, സഞ്ജീവ്‌നി, ഇന്ദ്രധനുഷ് തുടങ്ങിയ ജനപ്രിയ ഷോകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ല്‍ ആഘാത് എന്ന ചിത്രത്തിലൂടെ നടന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഈ വര്‍ഷം ജൂണില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത അഭിമന്യു ദസ്സാനിയും ശില്‍പ ഷെട്ടിയും അഭിനയിച്ച നിക്കമ്മയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

 

ചലച്ചിത്രങ്ങളില്‍ മാത്രമല്ല സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു വിക്രം ഗോഖലെ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വികലാംഗരായ സൈനികര്‍, കുഷ്ഠരോഗികളുടെ മക്കള്‍, അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നു.

 

മറാത്തി നാടക നടനും ചലച്ചിത്ര നടനുമായ ചന്ദ്രകാന്ത് ഗോഖലെയുടെ മകനാണ് ഗോഖലെ.

 

OTHER SECTIONS