By Lekshmi.03 12 2022
ഇരുപത്തിയാറ് വർഷത്തോളമായി മലയാളത്തിൻ്റെ വെള്ളിത്തിരയിലെ നിറ സാന്നിധ്യം. കലാകുടുംബമാണ് കൊച്ചുപ്രേമന്റേത്. അച്ഛൻ ശിവരാമശാസ്ത്രികൾ സ്കൂൾ അധ്യാപകനായിരുന്നു.അമ്മ ടി.എസ്.കമല സംഗീതജ്ഞ.അക്കാലത്ത് ഓൾ ഇന്ത്യാ റേഡിയോയിലൊക്കെ അമ്മ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.അമ്മയുടെ അച്ഛൻ സുകുമാരൻ ഭാഗവതർ നാടക പ്രവർത്തകനും പാട്ടുകാരനുമായിരുന്നു.നാടകം ആയിരുന്നു തട്ടകം.പഠിക്കുന്ന കാലത്ത് തന്നെ "ഉഷ്ണവർഷം' എന്ന നാടകം എഴുതി സംവിധാനം ചെയ്തു. ആദ്യം അടുത്ത സുഹൃത്തുക്കളുടെ മുന്നിലാണ് ആ നാടകം കളിച്ചത്.ഉയരം കുറഞ്ഞ ശരീര പ്രകൃതിയും ശബ്ദ വിന്യാസങ്ങളും കോമഡി കഥാപാത്രങ്ങളിൽ തൻ്റേതായ മുദ്ര പതിപ്പിക്കാൻ ഈ കലാകാരനു സാധിച്ചു.
കൊച്ചുപ്രേമനെ ഉയര്‍ത്തിയ നാടകങ്ങളാണ് കേരളാ തിയറ്റേഴ്സിൻ്റെ അമൃതം ഗമയ, വെഞ്ഞാറമ്മൂട് സംഘചേതനയുടെ സ്വാതിതിരുനാള്‍, ഇന്ദുലേഖ, രാജന് പി. ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല തുടങ്ങിയവ.നാടക വേദികളിലെ പ്രണയമാണ് ഒപ്പം അഭിനയിച്ച ഗിരിജയെ ജീവിത സഖിയായി മാറ്റുന്നതും.1997-ൽ രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാല രാജകുമാരനിലൂടെയാണ് കൊച്ചുപ്രേമൻ മലയാളി പ്രേക്ഷകർക്കു പരിചിതനാകുന്നത്.എന്നാൽ അതു ഈ കലാകാരൻ്റെ സിനിമയിലെ രണ്ടാം അങ്കമായിരുന്നു.1979 ൽ പുറത്തിറങ്ങിയ ഏഴു നിറങ്ങളായിരുന്നു ആദ്യ ചിത്രം. എന്നാൽ വീണ്ടും നാടക വേദികളിൽ താരക്കിലായി.
പിന്നീട് സംവിധായകൻ രാജസേനനാണ് തമാശ ട്രാക്കിലുള്ള കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ കൊച്ചുപ്രമനു വഴി തുറന്നു കൊടുക്കുന്നത്.രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു.സത്യൻ അന്തിക്കാട് ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയില്‍ കൊച്ചുപ്രേമന് അഭിനയിച്ച നാടകം കണ്ടതിനു ശേഷം ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെ സമ്മാനിച്ചു.തുടർന്ന് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത നടനായനി അദ്ദേഹം മാറി.ഇതുവരെ 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു.തുടക്കം ജയറാമിൻ്റെ സിനിമാകളിലായിരുന്നെങ്കിലും പിന്നീട് ദിലീപ് സിനിമകളിലെ സജീവ താരമായി മാറി.
വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും തിളക്കത്തിലെ വെളിച്ചപ്പാടിനെയും പട്ടാഭിഷേകത്തിലെ ബാങ്ക് മാനേജറെയും ഇരട്ടക്കുട്ടികളുടെ അച്ഛനിലെ നായകന്റെ അവിവാഹിതനായ അയൽവാസിയേയും കല്യാണരാമനിലെ കാര്യസ്ഥനെയും ഓർക്കാത്ത മലയാളികളുണ്ടാകില്ല.അത്രമേൽ മനോഹരമായിട്ടാണ് പ്രേം കുമാർ എന്ന കൊച്ചുപ്രേമൻ ഓരോ കഥാപാത്രങ്ങളെയും അവിസ്മരണീയമാക്കിയത്.അഭിനയിച്ച കഥാപാത്രങ്ങൾ മാത്രമല്ല, 'മച്ചമ്പീ', 'ഈ പട്ടിയെന്ന് പറഞ്ഞാൽ പിശാചല്ലിയോ, വെളിച്ചപ്പാട് ഭഗവതിയല്ലിയോ' തുടങ്ങിയ പല ഡയലോഗുകളും മലയാളികൾക്ക് മനപാഠമാണ്.
ഹാസ്യവേഷം മാത്രമല്ല സീരിയസ് വേഷങ്ങളും കിട്ടുന്ന എല്ലാ വേഷങ്ങളും ഗംഭീരമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.കൊച്ചു പ്രേമൻ്റെ കരിയറിൽ പതിവു കോമഡി ട്രാക്കിൽ നിന്നും വേറിട്ട മുഖം കണ്ടത് രാജീവ് അഞ്ചൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗുരുവിലൂടെയാണ്. മുഖ്യ പുരോഹിതൻ എന്ന കഥാപാത്രം കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശക്തനാണ് കൊച്ചുപ്രേമനെന്നു തെളിയിച്ചു.പിന്നീട് അശോക് ആർ നാഥിൻ്റെ മഴികൾ സാക്ഷി എന്ന ചിത്രത്തിൽ മോഹൻലാലിനും സുകുമാരിക്കുമൊപ്പം അവതരിപ്പിച്ച വളരെ സീരിയസായ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.