By Web Desk.03 12 2022
"പ്രിയപ്പെട്ട കൊച്ചുപ്രേമന് യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരന് ആയിരുന്നു അദ്ദേഹം.
കോളജില്‍ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എനിക്കുണ്ടായിരുന്നത്. അവസാനമായി ഞങ്ങള്‍ ഒന്നിച്ചത് ആറാട്ട് എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് തീരാനഷ്ടം തന്നെയാണ്. ആ സ്നേഹച്ചിരിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം."
നടന് കൊച്ചുപ്രേമന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണിത്. ഏറെ പൊട്ടിച്ചിരിപ്പ് കൊച്ചുപ്രേമന് മറഞ്ഞു. ആ കുറുമ്പന് നോട്ടവും കുശുമ്പും കുന്നായ്മയും ഇനി വെള്ളിത്തിരയില്‍ കാണാനാവില്ല.
കൊച്ചുപ്രേമന്റെ വിയോഗ വേളയില്‍ ചോദിക്കട്ടേ, ഈ നടന്റെ പ്രതിഭ പൂര്‍ണമായും ഒപ്പിയെടുത്ത കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ടോ? വേദനയോടെ പറയട്ടെ, ഇല്ല. ചെറിയ വേഷങ്ങളിലും ഒരു കൊച്ചുപ്രേമന് ടച്ച് ഒളിപ്പിച്ചുവച്ചു.
സവിശേഷമായ സംഭാഷണ ശൈലിയായിരുന്നു കൊച്ചുപ്രേമനെ പ്രേക്ഷകരോട് അടുപ്പിച്ചത്. ഹാസ്യനടന്മാര്ക്ക് ഒട്ടും യോജിക്കാത്ത പരുക്കല്‍ ശബ്ദം. തിരുവനന്തപുരത്തിന്റെ തനത് സംഭാഷണ ശൈലിയുടെ ചെറിയൊരംശം ഒളിപ്പിച്ച ഡയലോഗ് പ്രസന്റേഷനിലൂടെ കൊച്ചുപ്രേമന് പൊട്ടിച്ചിരിപ്പിച്ചു. മുഖത്ത് ഭാവങ്ങള്‍ മിന്നിമറഞ്ഞു. ശരീരം മുഴുവന്‍ ്അഭിനയത്തില്‍ പങ്കാളിയായി.
നാടകക്കളരിയില്‍ പതിനെട്ടടവും പയറ്റിയെത്തിയ കൊച്ചുപ്രേമന് സിനിമയില്‍ അഭിനയിച്ചതേയില്ല. കാമറയ്ക്കു മുന്നില്‍ അനായാസം അദ്ദേഹം കഥാപാത്രങ്ങളായി മാറി.
തിരുവനന്തപുരം പേയാട് ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന് തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബിരുദം നേടി.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. തുടര്‍ന്ന് ഉഷ്ണരാശി എന്ന നാടകം രചിച്ചു. ആകാശവാണിയിലൂടെയാണ് നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തത്.
സ്കൂള്‍ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാന്‍ തുടങ്ങി. തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചു. അതിനു ശേഷം ഗായത്രി തീയേറ്റേഴ്സിന്റെ അനാമിക എന്ന നാടകത്തിലും പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.
കെ.എസ്.പ്രേംകുമാര്‍ എന്നാണ് കൊച്ചുപ്രേമന്റെ ശരിയായ പേര്. നാടക സമിതിയില്‍ സജീവമായ കാലത്ത് അദ്ദേഹത്തിന്റെ തന്നെ അതേ പേരുള്ള സുഹൃത്തും ആ സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊച്ചുപ്രേമന് എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്.
സംവിധായകന് ജെ.സി.കുറ്റിക്കാടാണ് നാടകത്തില്‍ നിന്ന് സിനിമയിലേക്ക് അവസരം നല്‍കിയത്, 1979ല്‍. പിന്നീട് 1997ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന് രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. സംവിധായകന് സത്യന് അന്തിക്കാടിന്റെ 1997ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന് എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തി.
1997ല്‍ റിലീസായ ഗുരു, 2003ല്‍ റിലീസായ തിളക്കം, 2016ല്‍ റിലീസായ ലീല എന്നീ ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് കൊച്ചുപ്രേമന് അവതരിപ്പിച്ചത്.
സിനിമയില്‍ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന് സീരിയലുകളിലും സജീവമായിരുന്നു. സിനിമാ സീരിയല്‍ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. ഏക മകന് ഹരികൃഷ്ണന്.