അമ്പത് വർഷങ്ങളിലേറെയായി താമസിക്കുന്ന വീട്ടിലെ ആ മുറി ഞാൻ ഇപ്പോഴും അടച്ചിട്ടില്ല: മധു

By santhisenanhs.24 09 2022

imran-azhar

 

എൺപത്തിയൊമ്പതാം വയസിലേക്ക്‌ കടക്കുകയാണ് മലയാള സിനിമയുടെ കാരണവർ മധു. 1933 സെപ്റ്റംബർ 23-ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ.പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് ആർ. മാധവൻ നായർ എന്ന മധുവിന്റെ ജനനം.

 

1959-ൽ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. തുടർന്ന് അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചു.

 

ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്‌. ഇതിനുശേഷം ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ മധു തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മധു മലയാള സിനിമയുടെ മുൻനിര നടനായി മാറി. 

 

1970-ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ്‌ അദ്ദേഹം നിർമിച്ചത്‌. 2013-ൽ മധുവിന് പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

 

ഇപ്പോഴിത തന്റെ എൺപത്തൊന്നാം പിറന്നാൾ ദിനത്തിൽ സിനിമാ-സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടൻ‌ മധു.

 

ആദ്യമായി നാടകം കണ്ടത് മുതൽ കലാരംഗത്ത് കുറെ സ്വപ്നങ്ങൾ ഞാൻ കണ്ടിരുന്നു. ചിലതൊക്കെ നേടണമെന്ന അതിയായ ആഗ്രഹം. എന്നിൽ ഒരു നടനുണ്ടെന്ന് തിരിച്ചറിഞ്ഞത് മുതൽ ആ നടനെ പുറത്തുകൊണ്ടുവരാനായിരുന്നു ശ്രമം. നാടകത്തിലൂടെ ഞാനതിന് പരിശ്രമിച്ചു.

 

വീട്ടുകാരുടെ എതിർപ്പുകളെപ്പോലും അവഗണിച്ചുള്ള ഒരു യാത്രയായിരുന്നു പിന്നീട്. ആഴത്തിലുള്ള വായന അക്കാലത്തെ ഉണ്ടായിരുന്നു. സർഗാത്മകമായി ഞാനെന്തെല്ലാം ആഗ്രഹിച്ചോ അതെല്ലാം എന്നിലേക്ക് വന്നുചേർന്നു.

 

അത്യാഗ്രഹങ്ങൾ ഒരിക്കലുമുണ്ടായിരുന്നില്ല. കഠിനമായ പരിശ്രമങ്ങളുണ്ടെങ്കിൽ നേടാവുന്ന സ്വപ്നങ്ങൾ മാത്രമെ ഞാൻ കണ്ടിരുന്നുള്ളൂ.

 

ആ സ്വപ്നങ്ങളിലേക്കെല്ലാം വളരെ നേരത്തേ ഞാൻ എത്തിച്ചേർന്നു. അർഹമായ പരിഗണന കിട്ടിയോ ഇല്ലയോ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. ഒട്ടും നിരാശയുമില്ല. ആഗ്രഹിച്ചതെല്ലാം നേടിയത് കൊണ്ടാണോ എന്നറിയില്ല. പുതുതായി ഒന്നും ചെയ്യാൻ താൽപര്യം തോന്നുന്നില്ല.

 

പിറന്നാളിന് വലിയ പ്രാധാന്യമൊന്നും ഞാൻ കൊടുക്കാറുമില്ല. എന്റെ സൗന്ദര്യം പ്രദർശിപ്പിക്കാൻ ഞാനൊരിക്കലും ഡൈ ചെയ്തിരുന്നില്ല. സിനിമയ്ക്ക് വേണ്ടിയായിരുന്നു അതെല്ലാം. കറുത്തമുടിയുള്ളവനെ വൃദ്ധനാക്കാൻ നാല് വരവരച്ചാൽ മതി.

 

പക്ഷെ വെളുത്തമുടിയുള്ളവനെ കറുത്ത മുടിയുള്ളവനാക്കാൻ മുടി മുഴുവനും കറുപ്പിക്കേണ്ടിവരും. അഭിനയം നിർത്തിയതോടെ അതിന്റെ ആവശ്യം ഇല്ലാതെയായി.

 

പിന്നെ വാർധക്യത്തെ മനസിലാക്കി ജീവിക്കാൻ ഒരു പ്രയാസവും തോന്നേണ്ട കാര്യമില്ല. നമ്മൾ എന്തെല്ലാം വാചകമടിച്ചാലും വ്യായാമം ചെയ്താലും മരുന്ന് കഴിച്ചാലും പ്രായമാകുമ്പോൾ ചെറുപ്പത്തിലേതുപോലെ ശരീരം വഴങ്ങിക്കിട്ടില്ല.

 

ശക്തി കുറയും ഓർമശക്തിയും കുറഞ്ഞ് തുടങ്ങും. ആഗ്രഹിച്ചതിനപ്പുറമുള്ള വലിയ വേഷങ്ങൾ അവതരിപ്പിക്കാൻ സാധിച്ചതുതന്നെ മഹാഭാഗ്യമായി കാണുന്നവനാണ് ഞാൻ. മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാർ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതിൽ പലതും.

 

അതിനപ്പുറം വലിയൊരു വേഷം ഇനി എന്നെത്തേടി വരാനും പോകുന്നില്ല. അച്ഛൻ, മുത്തച്ഛൻ, അമ്മാവൻ വേഷങ്ങൾ കെട്ടിമടുത്തപ്പോൾ കുറച്ച് മാറിനിൽക്കണമെന്ന് തോന്നി.

 

വ്യക്തിജീവിതത്തിൽ ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കാതെ പോയതിൽ വിഷമമുണ്ട്. ജീവിതത്തിൽ ഒപ്പമുണ്ടായിരുന്നവൾ... ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞ് ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവൾ. പെട്ടന്നൊരുനാൾ രോഗശയ്യയിലായി. പിന്നീട് ഞാൻ അധികം വീട് വിട്ടുനിന്നിട്ടില്ല.

 

എത്ര വൈകിയാലും വീട്ടിലെത്തും. അവൾ കിടക്കുന്ന മുറിയിലെത്തി... ഉറങ്ങുകയാണെങ്കിൽ വിളിക്കാറില്ല. എട്ട് വർഷം മുമ്പ് അവൾ പോയി... എന്റെ തങ്കം. എന്റെ ആഗ്രഹവും പ്രാർഥനയും ഒന്നുമാത്രമായിരുന്നു. ഞാൻ മരിക്കുമ്പോൾ തങ്കം ജീവിച്ചിരിക്കണം. ആ ആഗ്രഹം മാത്രം എന്റെ ജീവിതത്തിൽ നടന്നില്ല.

 

അമ്പത് വർഷങ്ങളിലേറെയായി താമസിക്കുന്ന വീട്ടിൽ ഇപ്പോൾ ഞാൻ മാത്രം. പക്ഷെ ഞാനൊറ്റയ്ക്കല്ല. അവൾ ഇവിടെയൊക്കെയുണ്ട്. ആ മുറിയുടെ വാതിൽ ഞാൻ ഇപ്പോഴും അടച്ചിട്ടില്ല എന്നാണ് ഭാര്യയെ കുറിച്ച് മധു പറയുന്നത്.

 

 

OTHER SECTIONS