ഇന്നച്ചന്‍ കാറുമായി വന്നു, എന്നെ താങ്ങിയെടുത്തു കയറ്റി ആശുപത്രിയില്‍ എത്തിച്ചു!

By Web Desk.27 03 2023

imran-azhar

 


അന്തരിച്ച നടന്‍ ഇന്നസെന്റിനെ അനുസ്മരിച്ച് നടന്‍ മോഹന്‍ ജോസ്. അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ ഇന്നസെന്റ് കാട്ടിയ കരുതലിന്റെ അനുഭവ സാക്ഷ്യമാണ് മോഹന്‍ ജോസ് പങ്കുവച്ചത്.

 

മോഹന്‍ ജോസിന്റെ കുറിപ്പ്:

 

അഭിനയമോഹവുമായി മദിരാശിയില്‍ ചേക്കേറിയ കാലം-എണ്‍പതുകളുടെ തുടക്കം. തനിച്ചായിരുന്നു താമസം. ആ നാളുകളില്‍ കലശലായ പനി പിടിപെട്ട് അവശനായി, പിച്ചും പേയും പറയാന്‍ തുടങ്ങി. വിവരം മറ്റൊരാള്‍ പറഞ്ഞ് ഇന്നസെന്റ് അറിഞ്ഞു. ഇന്നസെന്റ് നിര്‍മ്മാണ പങ്കാളിയായ 'ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്കില്‍' ഞാന്‍ അഭിനയിച്ച പരിചയം മാത്രമേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളു. ഏതാനും ദിവസം മുന്‍പ് മാത്രം ഡ്രൈവിംഗ് പഠനം തുടങ്ങിയ ഇന്നച്ചന്‍ രണ്ടും കല്പ്പിച്ച് തനിയെ കാറുമായി എന്നെ തേടി വന്നു, താങ്ങിയെടുത്ത് കാറില്‍ കയറ്റി. ഒരു നഴ്‌സിംഗ് ഹോമില്‍ അഡ്മിറ്റ് ചെയ്യിച്ചു. പ്രസ്തുത നഴ്‌സിംഗ് ഹോമിലെ ഡോക്ടേഴ്‌സിന്റെ പരിചരണത്തില്‍ മൂന്നാംനാള്‍ അസുഖം ഭേദമായി. ഞാന്‍ വിലക്കിയിട്ടും സ്വന്തം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച് ഇന്നസെന്റ് ബില്‍ തുക കൊടുത്തുതീര്‍ത്ത് എന്നെ തിരിച്ച് കാറില്‍ത്തന്നെ വീട്ടിലെത്തിച്ചതിനു ശേഷമാണ് പോയത്. അദ്ദേഹത്തിന് എന്നെ സഹായിക്കേണ്ട ആവശ്യമുണ്ടായിരുന്നോ. ഞാന്‍ വികാരധീനനായി പ്രാര്‍ത്ഥിച്ചു, ദൈവമേ! ഈ മനുഷൃനെ എന്റെ മുന്നില്‍ ഉയര്‍ത്തികാണിക്കേണമേ. ക്രമേണ എനിക്കതുകാണാനുള്ള ഭാഗൃമുണ്ടായി! അദ്ദേഹം മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത തിരക്കുള്ള അഭിനേതാവായി. 18 വര്‍ഷം തുടര്‍ച്ചയായി താരസംഘടനയുടെ പ്രസിഡന്റായി വര്‍ത്തിച്ചു. ജനസമ്മതനായ നേതാവും എംപിയുമായി. നന്മയുടെ നേര്‍ക്കാഴ്ചയായിരുന്നു എത്രയും പ്രിയങ്കരനായ ഇന്നസെന്റ്്!

 

 

 

OTHER SECTIONS