By Priya.22 02 2023
കൊച്ചി: നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചിച്ച് സുഹൃത്തും നടനുമായ ടിനി ടോം.സുബി സുരേഷ് തനിക്കൊരു രക്തബന്ധം പോലെയാണ്.
നാടക രംഗത്ത് പെണ്‍കുട്ടികള്‍ ഇല്ലാത്ത സമയത്തായിരുന്നു സുബിയുടെ വരവ്. പിന്നീട് സ്വന്തം കഴിവ് കൊണ്ട് പടിപടിയായി ഉയര്‍ന്നുവന്ന താരമാണ് സുബിയെന്നും ടിനി പ്രതികരിച്ചു.
സുബിയുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിരുന്നുവെന്നും അവര്‍ ഏറെ സന്തോഷവതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ച്ചമുമ്പാണ് സുബിയുടെ രോഗത്തെക്കുറിച്ച് അറിയുന്നത്. സ്റ്റേജ് പരിപാടിക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴേക്കും കരള്‍ രോഗം ബാധിച്ച് ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ എത്തിയിരുന്നുവെന്നും ടിനി ടോം പറയുന്നു.
ടിനി ടോമിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-
'യഥാര്‍ത്ഥത്തില്‍ രക്തബന്ധം പോലെ തന്നെയാണ് ഞാനും സുബിയും തമ്മില്‍. നാടക രംഗത്ത് പെണ്‍കുട്ടികള്‍ ഇല്ലാത്ത സമയത്താണ് സുബിയുടെ വരവ്. സ്‌കൂള്‍ കാലഘട്ടം മുതല്‍ ഡാന്‍സറായിരുന്നു.
പിന്നീട് പെര്‍ഫോമന്‍സ് ചെയ്ത് പടിപടിയായി ഉയര്‍ന്നുവരികയായിരുന്നു. ഏകദേശം ഏഴ് ദിവസം മുമ്പാണ് ഞാന്‍ രോഗവിവരം അറിയുന്നത്.ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത് പത്ത് ദിവസമെങ്കിലും കഴിഞ്ഞുകാണും വിവരം അറിയുമ്പോള്‍.
ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴേക്കും അവസാനഘട്ടത്തില്‍ എത്തിയിരുന്നു സുബി. കരള്‍ മാറ്റിവെക്കേണ്ട അവസ്ഥയായിരുന്നു. അത് ചെയ്തില്ലെങ്കില്‍ ജീവന്‍ നിലനില്‍ക്കില്ലായെന്ന അവസ്ഥയായിരുന്നു.
അമ്മയുടെ ചേച്ചീടെ മകള്‍ കരള്‍ നല്‍കാം എന്ന് പറഞ്ഞിരുന്നു. അതിന്റെ നടപടി ക്രമങ്ങളിലേക്ക് കടക്കുകയായിരുന്നു.സുരേഷ് ഗോപി എംപി, ഹൈബി ഈഡന്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങി ഡിവൈഎസ്പി മുതല്‍ തഹസീല്‍ദാര്‍ വരെ ഒപ്പിടണമായിരുന്നു.
അതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. അതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. ഏഴ് ഫയലുകളിലായി പ്രൊസീജിയര്‍ പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ ഹൃദയത്തില്‍ സമ്മര്‍ദ്ദം കൂടി. പ്ലാസ്മ സപ്പോര്‍ട്ടിലാണ് നിന്നിരുന്നത്. ഡയാലിസിസും എടുത്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മരണം സംഭവിച്ചു.മഞ്ഞപ്പിത്തം ഉണ്ടായിരുന്നു.
എല്ലാ അവയവങ്ങളേയും ബാധിച്ചു. പരിപാടിക്കിടെ സ്റ്റേജില്‍ വെച്ച് നെഞ്ച് വേദന വന്നിട്ടാണ് ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്നത്, കൊറോണ കാലത്തായിരിക്കാം ഇതൊക്കെ ബാധിച്ചിരിക്കുക. 20 ദിവസമായിട്ടേയുണ്ടാവൂ ചികിത്സ തുടങ്ങിയിട്ട്.'