By Web Desk.01 09 2023
സിനിമ, സീരിയല്‍ താരം അപര്‍ണ നായരുടെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും പ്രേക്ഷകരും. ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായിരുന്നു അപര്‍ണ. കുടുംബത്തിന്റെ വിശേഷങ്ങളാണ് അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നത്. കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള നിരവധി നിമിഷങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.
അപര്‍ണ അവസാനം പങ്കുവച്ച പോസ്റ്റാണ് എല്ലാവര്ക്കും നൊമ്പരമാകുന്നത്. മകള്‍ക്കൊപ്പമുള്ള ചിത്രം, എന്റെ ഉണ്ണി കളി പെണ്ണ് എന്ന കുറിപ്പോടെയാണ് അപര്‍ണ പങ്കുവച്ചത്. അപര്‍ണയുടെ വിയോഗത്തിന് മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു ഈ പോസ്റ്റ്.
വ്യാഴാഴ്ട ഏഴ് മണിയോടെയാണ് അപര്‍ണയെ ജീവനറ്റ നിലയില്‍ കണ്ടെത്തിയത്. സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് തോന്നിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ അപര്‍ണ പങ്കുവച്ചിട്ടുണ്ട്. ആ പഴയ ഞാനല്ല ഇപ്പോള്‍. എന്തെന്നില്ലാതെ കണ്ണ് നിറയുന്നു. ഒറ്റപ്പെട്ടുപോയോ എന്നൊക്കെ തോന്നിപ്പോകുന്നു. വെളിച്ചത്തിലാണെങ്കിലും ഇരുട്ട് പിടിച്ച ലോകത്തിലുള്ളത് പോലെ. എന്തോ പറ്റിയിട്ടുണ്ട്. ആ പഴയ എന്നെ ശരിക്കും മിസ് ചെയ്യുന്നുണ്ട്...
ഒരു പോസ്റ്റിന് പശ്ചാത്തലമായി ഈ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്തൊക്കെയോ ദുഖങ്ങള്‍ മനസ്സില്‍ ഒളിപ്പിച്ച മട്ടിലുള്ള നിരവധി പോസ്റ്റുകള്‍ അപര്‍ണ പങ്കുവച്ചിട്ടുണ്ട്.
നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെ സുപരിചിതയാണ് അപര്‍ണ. മേഘതീര്‍ത്ഥം എന്ന ചിത്രത്തിലൂടെ 2009 ലാണ് അപര്‍ണ സിനിമയില്‍ എത്തിയത്. മുദ്ദുഗൗ, മൈഥിലി വീണ്ടും വരുന്നു, അച്ചായന്‍സ്, കോടതി സമക്ഷം ബാലന് വക്കീല്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
നിരാഞ്ജനപ്പൂക്കള്, ദേവസ്പര്‍ശം, പെന്മസാല, ബ്രിട്ടീഷ് ബംഗ്ലാവ്, നല്ല വിശേഷം, കല്‍ക്കി, കടല്‍ പറഞ്ഞ കഥ തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടു.
ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും നിരവധി പരസ്യചിത്രങ്ങളിലൂടെയും അഭിനയിച്ചിട്ടുണ്ട്.