'ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്... തീര്‍ന്നോ നിന്റെയൊക്കെ അസുഖം...' കോഴിക്കോട് നടിമാര്‍ക്കു നേരെ ലൈംഗികാതിക്രമം

By Web Desk.28 09 2022

imran-azharകോഴിക്കോട്: മാളില്‍ നടിമാര്‍ക്ക് നേരെ ലൈംഗിക അതിക്രമം. സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ചിലര്‍ ലൈംഗിക അതിക്രമം നടത്തിയത്. അതിക്രമത്തിന് ഇരയായ നടിമാരില്‍ ഒരാള്‍ സമൂഹമാധ്യമത്തില്‍ ദുരനുഭവം പങ്കുവച്ചു.

 

മാളിലെ പ്രമോഷന്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അപ്രതീക്ഷിതമായ അതിക്രമത്തില്‍ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാന്‍ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തില്‍ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു.

 

കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടീനടന്‍മാര്‍ അടങ്ങിയ സംഘം കേരളത്തിലെ വിവിധ മാളുകളിലും കോളേജുകളിലും സന്ദര്‍ശനം നടത്തി വരികയായിരുന്നു.

 

സംഭവത്തില്‍ നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഒരു വര്‍ഷം മുന്‍പ് മറ്റൊരു യുവനടിക്ക് കൊച്ചിയിലെ മാളില്‍ വച്ച് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നു. നടി ഇക്കാര്യം ഇന്‍സ്റ്റാഗ്രം പോസ്റ്റിലൂടെ പരസ്യപ്പെടുത്തി. പിന്നാലെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയും അതിക്രമം നടത്തിയ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 


നടിയുടെ പോസ്റ്റ്:

ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില്‍ വച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാന്‍ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍?

പ്രമോഷന്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി. ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്... തീര്‍ന്നോ നിന്റെയൊക്കെ അസുഖം...

 

 

 

 

OTHER SECTIONS