'ഇങ്ങനെയുള്ള സ്റ്റുപിഡ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്തിനാ?' മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി അടൂര്‍

By Web Desk.31 01 2023

imran-azhar
തിരുവനന്തപുരം: 'അങ്ങനെയൊക്കെ വ്യാഖ്യാനിക്കണോ? ഇത്രയും സമയമിരുന്ന് ഇതു മുഴുവന്‍ ഞാന്‍ വായിച്ചു കേള്‍പ്പിച്ചതല്ലേ. ഇങ്ങനെയുള്ള വളരെ സ്റ്റുപിഡ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്താ. ഞാന്‍ സര്‍ക്കാരിന് എതിരാണെന്ന് സ്ഥാപിക്കണോ?'- മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ക്ഷുഭിതനായി. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് അടൂരിനെ പ്രകോപിപ്പിച്ചത്.

 

 

ഏറെ നാളത്തെ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ് അടൂരിന്റെ രാജി. പത്രസമ്മേളനത്തിനിടെ, പത്രക്കുറിപ്പ് വിതരണം ചെയ്ത ശേഷം 'എല്ലാവര്‍ക്കും കിട്ടിയോ' എന്ന് അടൂര്‍ ആരാഞ്ഞു. കിട്ടാത്തവരും ഉണ്ടെന്ന് അറിഞ്ഞതോടെ അദ്ദേഹം പത്രക്കുറിപ്പ് വായിക്കാന്‍ തുടങ്ങി. സ്ഥാനമൊഴിഞ്ഞ, ആരോപണ വിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പത്രക്കുറിപ്പ് വായിക്കുന്നതിനിടെ ഇടയ്ക്കിടെ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കി.

 

പത്രക്കുറിപ്പ് മുഴുവന്‍ വായിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും അടൂര്‍ കൃത്യമായ മറുപടി നല്‍കി. മുന്‍ നിലപാടുകളില്‍ നിന്ന് അണുവിട മാറാതെയുള്ള മറുപടികള്‍. വിദ്യാര്‍ഥി സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ച സംവിധായകരായ ജിയോ ബേബിയെയും ആഷിഖ് അബുവിനെയും വിമര്‍ശിച്ചു. സമരത്തെ അനുകൂലിക്കുന്നവര്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിട്ടില്ലെന്നും ആരോപിച്ചു.

 

 

ദിലീപിനെ കുറ്റക്കാരനല്ലെന്ന മുന്‍ നിലപാട് അടൂര്‍ ആവര്‍ത്തിച്ചു. 'നിങ്ങളെല്ലാവരും തീരുമാനിച്ചിരിക്കുകയാണോ ദിലീപ് കുറ്റവാളിയാണെന്ന്? ആരാ ഇത് തീരുമാനിച്ചത്? കോടതി പറഞ്ഞോ? മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ചേര്‍ന്ന് അയാളെ കുറ്റവാളിയാക്കി മാറ്റി. കുറ്റവാളിയാണെന്ന് കോടതി പറയുന്നതുവരെ ഞാന്‍ കുറ്റവാളിയല്ലെന്നേ വിചാരിക്കൂ...' -അടൂര്‍ വ്യക്തമാക്കി. ദിലീപുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യം എത്തിയതോടെ 'എന്നെക്കൊണ്ടെന്താ പറയിപ്പിക്കേണ്ടത്, പറഞ്ഞാട്ടെ? എന്ന മറുചോദ്യം.

 

ചോദ്യങ്ങള്‍ വിവാദ വിഷയങ്ങളിലേക്കു കടന്നതോടെ, 'പത്രസമ്മേളനം അവസാനിപ്പിക്കാം, കാരണം കൂടുതല്‍ കൂടുതല്‍ മോശമായ ചോദ്യങ്ങളാണ് വരുന്നത്...' എന്നു പറഞ്ഞ് അടൂര്‍ എഴുന്നേറ്റു.

 

 

 

 

 

OTHER SECTIONS