By web desk.01 05 2023
ബോക്‌സോഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങി മമ്മൂട്ടിയും അഖില്‍ അക്കിനേനിയും പ്രധാന വേഷത്തില്‍ എത്തിയ ഏജന്റ്. പ്രതീക്ഷിച്ച നേട്ടം ചിത്രത്തിന് ഒരിടത്തും ലഭിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ തെലുങ്കാനയിലും ആന്ധ്രയിലും ഒഴികെ ലഭിച്ച കളക്ഷന്‍ വെറും ഒരുകോടി രൂപയാണ്. അഖില്‍ അക്കിനേനിയുടെ ആരാധകര്‍ പോലും വലിയ നിരാശയിലാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രം പരാജയമാണെന്ന് സമ്മതിച്ച് ഒടുവില്‍ ചിത്രത്തിന്റെ നിര്‍മാതാവ് തന്നെ രംഗത്തുവന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ എകെ എന്റര്‍ടെയ്ന്‍മെന്റിന്റെ അനില്‍ സുങ്കരയാണ് ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്.
ഏജന്റ് പരാജയപ്പെട്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. ഇതൊരു കഠിനമായ ദൗത്യമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. വിജയിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, പരാജയപ്പെട്ടു.
പരാജയത്തിന്റെ കാരണങ്ങളും നിര്‍മാതാവ് നിരത്തുന്നുണ്ട്. ഒരു പൂര്‍ത്തിയാക്കിയ തിരക്കഥ ഇല്ലാതെയാണ് തുടങ്ങിയത്. കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് പ്രോജക്ട് തുടങ്ങിയത്. അവിടെയാണ് തെറ്റുപറ്റിയത്.
ഇതൊന്നും സിനിമ പരാജയപ്പെട്ടതിന്റെ ഒഴികഴിവുകളായി പറയുന്നില്ല. പരാജയത്തില്‍ നിന്ന് വിലയേറിയ പാഠം ഞങ്ങള്‍ പഠിക്കുന്നു. ഇനിയൊരിക്കലും തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഒരു ഉദാഹരണമാണിത്. ഞങ്ങളെ വിശ്വസിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു-അനില്‍ സുങ്കര ട്വിറ്ററില്‍ കുറിച്ചു.