By Lekshmi.24 11 2022
ന്യൂഡൽഹി: സൈന്യത്തിന് എതിരായ റിച്ച ഛദ്ദയുടെ പരാമർശത്തിൽ പ്രതികരിച്ച് നടൻ അക്ഷയ് കുമാർ.റിച്ചയുടെ പരാമർശം കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും സായുധ സേനയോട് ഒരിക്കലും ഇത്തരത്തിൽ പെരുമാറരുതെന്നും അക്ഷയ് കുമാർ പറഞ്ഞു.ട്വിറ്ററിലൂടെയാണ് അക്ഷയ് കുമാറിന്റെ പ്രതികരണം.
പാക് അധീന കശ്മീർ തിരിച്ചു പിടിക്കുമെന്ന ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ പ്രസ്താവനയെ പരിഹസിച്ചാണ് റിച്ച ഛദ്ദ എത്തിയത്. റിച്ചയുടെ പ്രസ്താവന വിവാദമായതോടെ പിൻവലിച്ചിരുന്നു.പാക് അധീന കശ്മീരിനെ തിരിച്ചു പിടിക്കാൻ ഞങ്ങൾ പൂർണ്ണമായും തയ്യാറാണെന്ന് നോർത്തേൺ ആർമി കമാൻഡർ ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞിരുന്നു.
സർക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് പങ്കുവെച്ചു കൊണ്ട് ഗൽവാൻ സേയ്‌സ് ഹായ് എന്നാണ് റിച്ച കുറിച്ചത്.2020ൽ ചൈനീസ് സൈന്യവുമായി നടന്ന ഗൽവാൻ സംഘർഷമാണ് റിച്ച പരാമർശിച്ചത്. ഈ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. റിച്ചയുടെ പരാമർശത്തിന് പിന്നാലെ സൈന്യത്തെ പരിഹസിച്ചുവെന്ന് ആരോപിച്ച് നിരവധി പേരാണ് എത്തിയത്.