മലര്‍ മിസ്സ് ആകേണ്ടിയിരുന്നത് അസിന്‍; തിരക്കഥയുടെ ആദ്യ ഘട്ടത്തില്‍ കഥാപാത്രം മലയാളി ആയിരുന്നുവെന്ന് അല്‍ഫോണ്‍സ് പുത്രന്‍

By mathew.08 06 2021

imran-azhar

 

 


നിവിന്‍ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തില്‍ മലര്‍ മിസ്സ് ആയി എത്തേണ്ടിയിരുന്നത് അസിന്‍ ആയിരുന്നുവെന്ന് വ്യക്തമാക്കി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ആരാധകന്റെ ചോദ്യത്തിന് ഉത്തരം പറയുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് താങ്കളുടെ സിനിമകളില്‍ എപ്പോഴും തമിഴ് ടച്ച് വരുന്നതെന്നായിരുന്നു ആരാധകന്റെ ചോദ്യം.


'തമിഴ് ഭാഷയുടെ സ്വാധീനം നിങ്ങളുടെ മുമ്പുള്ള സിനിമകളില്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും മലര്‍ എന്ന കഥാപാത്രം, പശ്ചാത്തലമായി വരുന്ന തമിഴ് ഗാനങ്ങള്‍. നിങ്ങളുടെ ചെന്നൈ ജീവിതവും അവിടെയുള്ള സുഹൃത് വലയങ്ങളും നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാം, അത് നിങ്ങളുടെ സിനിമയിലും പ്രതിഫലിച്ചിരിക്കാം. പ്രേമം സിനിമയില്‍ ഇത് നന്നായി ഇഴ ചേര്‍ന്നു. കോളജ് സീക്വന്‍സ്, ആക്ഷന്‍, ഡാന്‍സ്, തമിഴ് സംസാരിക്കുന്ന നായിക ഇതൊക്കെ പ്രത്യേകതകളാണ്. മലയാളം സിനിമയിലെ തമിഴ് ഭാഷയുടെ സ്വാധീനത്തെ എങ്ങനെ കാണുന്നു. മലര്‍ എന്ന കഥാപാത്രം മലയാളി പെണ്‍കുട്ടിയായിരുന്നെങ്കില്‍ എങ്ങനെ ആയേനെ?' എന്നായിരുന്നു അല്‍ഫോണ്‍സിനോടുള്ള ആരാധകന്റെ ചോദ്യം.


തിരക്കഥ എഴുതുന്ന ആദ്യ ഘട്ടത്തില്‍ ആ കഥാപാത്രം മലയാളിയായിരുന്നുവെന്നും അസിനെയാണ് മലര്‍ എന്ന കഥാപാത്രമായി താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'ആ കഥാപാത്രം ഫോര്‍ട്ടു കൊച്ചിക്കാരിയായിരുന്നു. പക്ഷേ എനിക്ക് അസിനെ കോണ്ടാക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. നിവിന്‍ പോളിയും അസിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. പിന്നീടാണ് എനിക്ക് മറ്റൊരു ഐഡിയ തോന്നിയതും മലര്‍ മിസ്സിന് തമിഴ് ടച്ച് നല്‍കിയതും. തിരക്കഥയുടെ തുടക്കത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്' എന്നായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി.

താന്‍ ചെറുപ്പത്തില്‍ പഠിച്ചതൊക്കെ ഊട്ടിയില്‍ ആയിരുന്നുവെന്നും പിന്നീട് സിനിമാ പഠനത്തിനായി ബാക്കിയുള്ള കാലം ചെന്നൈയിലായിരുന്നുവെന്നും ഇതാണ് തമിഴുമായി ബന്ധം വരാന്‍ കാരണമായതെന്നും അല്‍ഫോണ്‍സ് പറഞ്ഞു.

 

OTHER SECTIONS