ലൊക്കേഷനിലേക്ക് ആരാധകന്റെ ബൈക്കില്‍ ബച്ചന്‍; അഭിനയമെന്ന് വിമര്‍ശനം!

By web desk.15 05 2023

imran-azhar

 

 

ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു ബിഗ് ബി അമിതാഭ് ബച്ചന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ആരാധകന്റെ ബൈക്കില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുന്ന ചിത്രമാണ് ബച്ചന്‍ പങ്കുവച്ചത്.

 

ഗതാഗതക്കുരുക്കില്‍പ്പെട്ട് ലൊക്കേഷനില്‍ കൃത്യസമയത്ത് എത്തിച്ചേരാനാവാതെ നില്‍ക്കുകയായിരുന്നു അദ്ദേഹം. ഈ സമയം റോഡില്‍ കണ്ട ബൈക്ക് യാത്രികനോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു താരം. തന്നെ കൃത്യസമയത്ത് ലൊക്കേഷനിലെത്താന്‍ സഹായിച്ച ചെറുപ്പക്കാരന് നന്ദി പറഞ്ഞുകൊണ്ടാണ് ബച്ചന്‍ ചിത്രവും ഇതിനൊപ്പം കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

 

സൗജന്യ യാത്രയ്ക്ക് നന്ദി. നിങ്ങള്‍ ആരാണെന്ന് എനിക്കറിയില്ല. എന്നാല്‍, എന്നെ ജോലി സ്ഥലത്ത് നിങ്ങള്‍ കൃത്യമായി എത്തിച്ചു. തൊപ്പിയും ഷോര്‍ട്ട്‌സും അണിഞ്ഞ മഞ്ഞ നിറത്തിലുള്ള ടീഷര്‍ട്ടിനും ഉടമയാണ് നിങ്ങള്‍ക്ക് നന്ദി- ബച്ചന്‍ ചിത്രത്തിനൊപ്പം കുറിച്ചു.

 

 

ഈ പ്രായത്തിലും ജോലിയോടുള്ള ആത്മാര്‍ഥതയെയും കൃത്യനിഷ്ഠയേയും പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. അഭിനേതാക്കള്‍ക്ക് ഇതില്‍ നിന്ന് ഏറെ പഠിക്കാനുണ്ട് എന്നാണ് നടി സയാനി ഗുപ്ത പറഞ്ഞത്.

 

 

പ്രശംസയ്‌ക്കൊപ്പം വിമര്‍ശനവും ഉയരുന്നുണ്ട്. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഇരുവരും ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. ഹെല്‍മറ്റ് കൂടി ധരിച്ചിരുന്നെങ്കില്‍ അത് എല്ലാവര്‍ക്കും മാതൃകയായേനെ എന്ന അഭിപ്രായവും പലരും പങ്കുവയ്ക്കുന്നു.

 

 

എന്നാല്‍, ഇത് യഥാര്‍ഥത്തില്‍ നടന്നത് തന്നെയാണോ എന്ന സംശയവുമായി ചിലര്‍ രംഗത്തെത്തി. ഇതും സിനിമയുടെ പ്രമോഷനാണോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

 

 

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ട് കെ എന്ന ചിത്രത്തിലാണ് ബച്ചന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് താരം ബൈക്കില്‍ എത്തിയത്. തെലുങ്കിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ദീപിക പദുക്കോണും പ്രഭാസും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

 

 

 

OTHER SECTIONS