By Ashli Rajan.07 03 2023
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കണ്ട് മുന്‍ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കുടുംബ സമേതമാണ് അമൃത എത്തിയത്. അമൃത ആശുപത്രിയില്‍ തുടരുകയാണെന്നും ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പുക്കരുതെന്നും അമൃതയുടെ സഹോദരി അഭിരാമി സുരേഷ് അറിയിച്ചു.
ബാല ചേട്ടന്റെ അടുത്തു ഞങ്ങള്‍ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലില്‍ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയില്‍ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല .. ദയവായി ഈ സന്ദര്‍ഭത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് , അഭിരാമി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ബാലയെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്നത്.
ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു.ഡോക്ടര്‍മാരെ കണ്ട ഇരുവരും ബാലയുടെ സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു.ബാലയോട് സംസാരിച്ചതിനിടയില്‍ അദ്ദേഹം മകളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ബാദുഷ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമൃത മകള്‍ പാപ്പുവിനെയും കൊണ്ട് ആലുപത്രിയില്‍ എത്തിയത്.അല്പസമയത്തിന് ഉള്ളില്‍ നടന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് വിവരം.
കഴിഞ്ഞ അഞ്ചു വര്‍ഷമായി കരള്‍രോഗത്തിന് താരം ചികിത്സയിലാണ്. കരള്‍ മാറ്റിവയ്ക്കലും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, രോഗം ഗുരുതരാവസ്ഥയിലായിട്ടും അവയവം മാറ്റിവയ്ക്കാനുള്ള നീക്കം ബാലയുടെ ഭാഗത്തുനിന്നുണ്ടായില്ല.സാമ്പത്തിക ബുദ്ധിമുട്ടാണോ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകുന്നതിന് കാരണമെന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നു.
രണ്ടു ദിവസം മുമ്പും ആരോഗ്യനില നന്നായി പോകുന്നതായി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ബാല സന്ദേശം അയച്ചിരുന്നു. എന്നാല്‍, പെട്ടെന്നു ആരോഗ്യനില വഷളാകുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്.കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ആശുപത്രിയില്‍ എത്തിയ ഉടന്‍ ബോധരഹിതനായി. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു.
മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് അമൃതയും ബാലയും കാണുന്നതും പ്രണയത്തില്‍ ആകുന്നതും. 2010ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ അവന്തിക ജനിച്ചു. ശേഷം 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിച്ചു.
ഇരുവരുടേയും ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും, എല്ലാ കുടുംബത്തിലും ഉള്ളപോലെയുള്ള ചെറിയ വിഷയങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നതെന്ന് അമൃത വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തുടര്‍ന്ന് പോകില്ല എന്ന് മനസിലായതോടെയാണ് വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെ ഇരുവരും നിയമ നടപടികള്‍ സ്വീകരിക്കുക ആയിരുന്നു.