By Lekshmi.24 11 2022
ആശ ശരത് പ്രധാന വേഷത്തിലെത്തുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു.‘അണിയറയിൽ’ എന്ന പേരിൽ പുറത്തിറക്കിയ ഗാനം കവിത ജയറാം ആണ് ആലപിച്ചത്.ശ്രീവത്സൻ ജെ മേനോന് ഈണമിട്ട പാട്ടിനു മനോജ് കുറൂർ വരികൾ കുറിച്ചിരിക്കുന്നു.ആശയുടെ മകൾ ഉത്തരയുടെ അരങ്ങേറ്റ ചിത്രമാണ് ‘ഖെദ്ദ’. ഇരുവരും ഒരുമിച്ചു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു.അമ്മയും മകളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കാഴ്ചകളാണു പാട്ടിൽ നിറഞ്ഞു നിൽക്കുന്നത്.
ആശയ്ക്കൊപ്പം മകളെയും സ്ക്രീനിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ് ഉത്തര.2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു.അമ്മ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ തന്നെ ഉത്തര അഭിനയ അരങ്ങേറ്റം കുറിക്കുന്നത് വാർത്തയായിരുന്നു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമിക്കുന്ന ചിത്രമാണ് ‘ഖെദ്ദ’.സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.പ്രതാപ് പി നായർ ക്യാമറ കൈകാര്യം ചെയ്യുന്നു. ബിജിബാലിന്റേതാണു പശ്ചാത്തല സംഗീതം.കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘ഖെദ്ദ’ ഡിസംബർ 2ന് തിയറ്ററുകളിലെത്തും.