By Lekshmi.22 03 2023
കൊച്ചി: തൃക്കാക്കരയിൽ വീട് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പ്പന നടത്തിയ കേസിൽ പിടിയിലായ നാടക നടി താനല്ലെന്ന് വ്യക്തമാക്കി നടി അഞ്ജു കൃഷ്ണ അശോക്.കാര്യമറിയാതെ മാധ്യമങ്ങളടക്കം തന്നെ ടാഗ് ചെയ്യുകയാണ്.തന്നെ ടാഗ് ചെയ്യുന്നത് നിർത്തണം.ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും താരം അറിയിച്ചു.
ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പിലൂടെയാണ് നടിയുടെ വിശദീകരണം.ചൊവ്വാഴ്ചയാണ് 56 ഗ്രാം എംഡിഎംഎയുമായി കഴക്കൂട്ടം സ്വദേശിനിയായ അഞ്ജു കൃഷ്ണ എന്ന നാടക നടി പിടിയിലായത്. സംഭവത്തിന് പിന്നാലെ പേരിലെ സാമ്യം മൂലം നടി അഞ്ജു കൃഷ്ണ അശോകിനെതിരെ സൈബർ ആക്രമണമുണ്ടായിരുന്നു.
തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു പിടിയിലായ നാടക നടിയുടേയും സുഹൃത്തിന്റേയും ലഹരി വില്‍പ്പന.ദമ്പതികളെന്ന വ്യാജേനയാണ് യുവാവും യുവതിയും വീട് വാടകയ്‌ക്കെടുത്തത്.സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള യോദ്ധാവ് സ്‌ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്.
ഉണിച്ചിറ തോപ്പില്‍ ജംഗ്ഷനില്‍ പതിവ് പരിശോധനയ്‌ക്കെത്തിയതായിരുന്നു പൊലീസ് സംഘം.എന്നാല്‍ പൊലീസിനെ കണ്ടതോടെ യുവതിയുടെ കൂടെ താമസിച്ചിരുന്ന കാസര്‍കോഡ് സ്വദേശിയായ ഷമീര്‍ ഓടി രക്ഷപ്പെട്ടിരുന്നു.ബെംളൂരുവില്‍ നിന്ന് മയക്കുമരുന്ന് നാട്ടിലെത്തിച്ച് വീട്ടില്‍ ശേഖരിച്ച് വെച്ചായിരുന്നു ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. ഷമീറിനെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.