പ്രതികാരദാഹിയായി അയ്യപ്പൻ നായരും, കോശി കുര്യനും: തീയറ്ററുകൾ പൂരപ്പറമ്പാക്കി അയ്യപ്പനും കോശിയും, റിവ്യൂ !!

By Sooraj Surendran .07 02 2020

imran-azhar

 

 

അനാർക്കലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'അയ്യപ്പനും കോശിയും'. കേരളത്തിലുടനീളം ചിത്രത്തിന്റെ ആദ്യ പ്രദർശനം പിന്നിടുമ്പോൾ വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജ്, ബിജു മേനോൻ കൂട്ടുകെട്ട് വളരെ വ്യത്യസ്തവും പുതുമയാർന്ന തലത്തിൽ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കുന്നതിൽ സച്ചി എന്ന സംവിധായകൻ നൂറു ശതമാനവും വിജയിച്ചിരിക്കുന്നു. നഗര പ്രദേശങ്ങളെ വിട്ടുപിടിച്ച് ഗ്രാമ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അട്ടപ്പാടിയുടെ വശ്യ മനോഹാരിത സിനിമയിൽ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകന് ആസ്വദിക്കാൻ സാധിക്കുന്നു. സുദീപ് ഇളമൺ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ അയ്യപ്പനും കോശിയും ഒരഡാർ മാസ് എന്റർടെയ്‌നർ ചിത്രമാണ്. അട്ടപ്പാടിയിലെ പോലീസ് ഉദ്യോഗസ്ഥനായ എസ് ഐ അയ്യപ്പൻ നായരും, പട്ടാളത്തിൽ നിന്നും വിരമിച്ച കട്ടപ്പനക്കാരൻ കോശി കുര്യനും തമ്മിലുള്ള പകരംവീട്ടലും, പ്രതികരവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു പരുധി വരെ അയ്യപ്പനും കോശിക്കും അപ്പുറം ഈ സിനിമ സംസാരിക്കുന്നതും കാണിക്കുന്നതും നിലനിൽപ്പിന് വേണ്ടി പൊരുതുന്നവരുടെ ജീവിതമാണ്.

 

 

മനുഷ്യ സഹജമായ ദേഷ്യം, പക, പ്രതികാരം എന്നീ വികാരങ്ങൾക്കുമപ്പുറം രണ്ട്‌ വ്യവസ്ഥിതികൾ തമ്മിലുണ്ടാകുന്ന സംഭവബഹുലമായ പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ഒരു ചെറിയ നിയമലംഘനവും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കോശി കുര്യൻ എന്ന കഥാപാത്രം അട്ടപ്പാടിയിലൂടെ യാത്ര ചെയ്യുമ്പോൾ അവിചാരിതമായി എക്സൈസ് പരിശോധനയുണ്ടാകുന്നു. പരിശോധനയിൽ കോശിയുടെ കാറിൽ നിന്നും അളവിൽ കവിഞ്ഞ മദ്യം കണ്ടെത്തുന്നു. ബിജു മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രമായ എസ്‌ഐ അയ്യപ്പൻ നായർ കോശിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. എന്നാൽ അയ്യപ്പൻ നായർ കരുതിയിരുന്നതുപോലെ ചില്ലറക്കാരനായിരുന്നില്ല കോശി കുര്യൻ. കട്ടപ്പനക്കാരൻ കുര്യൻ ജോണിന്റെ മകൻ കോശി കുര്യൻ പണം കൊണ്ടും പവറുകൊണ്ടും അയ്യപ്പൻ നായർ ചിന്തിക്കുന്നതിലും വളരെ മുകളിലായിരുന്നു. തുടർന്ന് ഇവർ തമ്മിലുണ്ടാകുന്ന സംഘട്ടന രംഗങ്ങളും വളരെ മികച്ച രീതിയിലാണ് സച്ചി അവതരിപ്പിച്ചിരിക്കുന്നത്.

 

 

അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അവരവരുടെ വേഷങ്ങൾ അതിന്റെ തനിമ ചോർന്നുപോകാതെ തന്മയത്വത്തോടുകൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ രഞ്ജിത്താണ് കോശി കുര്യന്റെ അച്ഛനായ കുര്യൻ ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കർക്കശക്കശക്കാരനും, തന്റേടിയുമായ നാട്ടിലെ ഒരു പ്രമാണിയാണ് കുര്യൻ ജോൺ. സാബു മോൻ, ഷാജു കെ എസ്, അരുൺ മോഹൻ, രാഹുൽ നായർ, അനിൽ നെടുമങ്ങാട്, രേഷ്മ രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. പൃഥ്വിരാജിന്റെയും, ബിജു മേനോന്റെയും മത്സരബുദ്ധിയോടുകൂടിയ അഭിനയ മുഹൂർത്തങ്ങൾ തീയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. കഥാപാത്ര സൃഷ്ടിയിൽ സച്ചിയുടെ മികവ് തെളിയിക്കുന്ന മറ്റൊരു കഥാപാത്രമാണ് അയ്യപ്പൻ നായരുടെ ഭാര്യ കണ്ണമ്മ. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന റോളാണ് കണ്ണമ്മ. ഒരു ഘട്ടത്തിൽ കോശി ഒന്നു ചൂളുന്നുണ്ട് അവരുടെ പ്രകടനത്തിൽ.

 

 

സച്ചിയുടെ സംവിധാനവും, സുദീപ് ഇളമാണിന്റെ ഛായാഗ്രഹണവും പ്രേക്ഷകർ ഏറ്റെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ജേക്സ് ബിജോയ്‌യുടെ സംഗീതമാണ്. സാഹചര്യങ്ങൾക്ക് അനുയോജ്യമായ ചാടുതലായർന്ന സംഗീതവും പശ്ചാത്തല സംഗീതവുമാണ് ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. മൂന്നു മണിക്കൂർ ദൈർഘ്യം ഉണ്ടെങ്കിലും അത് പ്രേക്ഷകർ ചിന്തിക്കാത്ത തരത്തിലാണ് സച്ചി കഥ പറഞ്ഞുപോകുന്നത്. കാമ്പുള്ള കഥയും ഗൗരവമുള്ള വിഷയവുമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചി കൈകാര്യം ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. കട്ടത്താടിയിലുള്ള പൃഥ്‌വിയുടെ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. സ്ക്രീനിൽ ബിജു മേനോൻ തന്നെയാണ് സ്കോർ ചെയ്യുന്നത്.മൂന്ന് മണിക്കൂർ എല്ലാം മറന്ന് ആസ്വദിക്കാൻ നിങ്ങൾക്ക് ധൈര്യമായി അയ്യപ്പനും കോശിക്കും ടിക്കറ്റെടുക്കാം.

 

OTHER SECTIONS