By Lekshmi.30 03 2023
മുംബൈ: അഭിനയ മികവിലൂടെ ബിഗ് സ്‌ക്രീനിൽ തിളങ്ങിയ ബേസിൽ ജോസഫ് ഇന്ന് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട യുവതാരമാണ്.ഒരു അഭിനേതാവ് എന്ന നിലയിൽ മാത്രം മുന്നോട്ടുപോകാൻ ബേസിൽ ജോസഫിന് കഴിയുമായിരുന്നില്ല.ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ച് മലയാള സിനിമയിൽ തൻ്റേതായ ഇടം നേടാന്‍ ബേസിലിന് സാധിച്ചു.
ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലേ 'ചേഞ്ച് മേക്കേഴ്‌സ്': ഈയിടെ മുംബൈയിൽ നടന്ന ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലേ 'ചേഞ്ച് മേക്കേഴ്‌സ്' അവാർഡ് ദാന ചടങ്ങിൽ 'ഇൻസ്‌പയറിങ് ഫിലിം മേക്കർ ഓഫ് ദ ഇയർ' അവാർഡ് സ്വന്തമാക്കി മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ബേസിൽ.പാൻ ഇന്ത്യൻ സിനിമയായ മിന്നൽ മുരളിക്കായാണ് ബേസിലിന് അവാർഡ് ലഭിച്ചത്.
അവാർഡ് ലഭിച്ചതിലെ സന്തോഷവും നന്ദിയും അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ബേസിൽ പങ്കുവച്ച പോസ്റ്റിൽ അഭിനേതാക്കളായ ജോജു ജോർജ്, കാന്താര ഫെയിം ഋഷഭ് ഷെട്ടി, ബോളിവുഡ് നടൻ രാജ് കുമാർ റാവു എന്നിവരോടൊപ്പമുള്ള ബേസിലിന്‍റെ സെൽഫിയും കാണാൻ സാധിക്കും.