ദൃശ്യ വിസ്മയം തീര്‍ത്ത് 'പൊന്നിയിന്‍ സെല്‍വന്‍' ട്രെയ്ലര്‍

By priya.07 09 2022

imran-azhar

 

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിന്‍ സെല്‍വന്‍' ട്രെയ്ലറിന് വന്‍ സ്വീകരണം. കഴിഞ്ഞ ദിവസമാണ് തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി അഞ്ചു ഭാഷകളിലുള്ള ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയത്. കമല്‍ ഹാസനും രജനികാന്തും ചേര്‍ന്നാണ് ട്രെയ്ലര്‍ പുറത്ത് വിട്ടത്.

 

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിക്രം, കാര്‍ത്തി, ജയംരവി, പ്രകാശ് രാജ്, ശരത് കുമാര്‍, ഐശ്വര്യ റായ്, തൃഷ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മലയാള നടന്‍ ജയറാമും പൊന്നിയന്‍ സെല്‍വനില്‍ അഭിനയിക്കുന്നുണ്ട്. എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍.


ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുക്കുന്നത്. അടുത്ത വര്‍ഷത്തോടെ ചിത്രത്തിന്റെ ആദ്യ ഭാഗം എത്തും. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മണി രത്‌നവും കുമാരവേലും ചേര്‍ന്ന് തിരക്കഥയും ജയമോഹന്‍ സംഭാഷണവും ഒരുക്കുന്നു.

 

ഛായാഗ്രഹണം രവി വര്‍മ്മന്‍. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.

 

നന്ദിനി എന്ന കഥാപാത്രമായി ഐശ്വര്യ റായിയും കുന്ദവയായി തൃഷയുമെത്തുന്നു. റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

 

പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രവിവര്‍മനാണ് ഛായാഗ്രഹണം.

 

500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. സെപ്തംബര്‍ 30 ന് സിനിമയുടെ ആദ്യഭാഗം റിലീസ് ചെയ്യും.

 

 

 

 

 

 

 

 

 

OTHER SECTIONS