മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി,പ്രാര്‍ത്ഥനയോടെ ആരാധകര്‍

By Greeshma Rakesh.07 06 2023

imran-azhar

 
മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിന് കാരണമായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ. അപകടത്തില്‍ പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകള്‍ക്കുമാണ് പരിക്ക്.

 

മഹേഷിന് ഒന്‍പതു മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാര്‍ഥന മഹേഷിനോടൊപ്പം ഉണ്ടാകണമെന്നും മഹേഷിന്റെ സുഹൃത്ത് പങ്കുവച്ച കുറിപ്പില്‍ പറയുന്നു.ജൂണ്‍ അഞ്ചാം തീയതി പുലര്‍ച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നില്‍ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 

സ്റ്റേജ്‌ഷോയ്ക്കു ശേഷം വടകരയില്‍നിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു ഇവര്‍. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അതെസമയം ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

 

മഹേഷ് കുഞ്ഞുമോനെ വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ബിനു അടിമാലി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.

 


കൊല്ലം സുധിയെപ്പോലെ തന്നെ നിരവധി ആരാധകരുള്ള താരമാണ് മഹേഷ് കുഞ്ഞുമോന്‍. കോവിഡ്കാലത്ത് പിണറായി വിജയന്റെ ശബ്ദം അനുകരിച്ചുള്ള വിഡിയോയിലൂടെയാണ് മഹേഷ് കുഞ്ഞുമോന്‍ ശ്രദ്ധേയനാകുന്നത്. മഹേഷിന്റെ ശബ്ദാനുകരണത്തിലെ പൂര്‍ണത എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. വിനീത് ശ്രീനിവാസന്‍, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ നിരവധി താരങ്ങളുടെ ശബ്ദം അനുകരിച്ചതു വഴിയാണ് മഹേഷ് ശ്രദ്ധേയനായത്.

 

'വിക്രം' സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി മഹേഷ് സിനിമാലോകത്തെയും ഞെട്ടിച്ചു. വടകരയില്‍ നടന്ന പരിപാടിയിലും നിരവധി താരങ്ങളെ അനുകരിച്ചതിനു ശേഷമുള്ള മടക്കത്തിലാണ് അപകടമുണ്ടായത്. എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷിന്റെ സ്വദേശം. അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ തങ്കമ്മ, ചേട്ടന്‍ അജേഷ് എന്നിവരാണ് മഹേഷിനുള്ളത്.

 

OTHER SECTIONS