സൈനിക സേവനത്തിനൊരുങ്ങി ബിടിഎസ് താരം സുഗ; നിരാശയില്‍ ആരാധകര്‍

By Greeshma Rakesh.18 09 2023

imran-azhar

 

 

വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോകം മുഴുവന്‍ കീഴടക്കിയ സൗത്ത് കൊറിയന്‍ ബോയിബാന്‍ഡ് ആണ് ബിടിഎസ്. ഇന്ത്യയിലടക്കം ആര്‍മിയുള്ള (ഫാന്‍സ്) ബിടിഎസില്‍ നിന്ന് ഒരാള്‍ കൂടി കൊഴിയുകയാണ്. ബിടിഎസ് താരമായ സുഗ എന്ന മിന്‍ യൂന്‍ഗിയാണ് കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനത്തിനായി തയ്യാറെടുക്കുന്നത്.

 

ഇതോടെ ബിടിഎസിലെ മൂന്നാമത്തെയാളാണ് ബാന്‍ഡില്‍ നിന്ന് താല്‍ക്കാലികമായി പോകുന്നത്. മുന്‍പ് ജിന്‍, ജെ-ഹോപ്പ് എന്നിവര്‍ അവരുടെ നിര്‍ബന്ധിത സൈനിക സേവനം ആരംഭിച്ചിരുന്നു.'ബിഗ് ഹിറ്റ്' മ്യൂസിക് കമ്പനിയാണ് വാര്‍ത്ത പുറത്തുവിട്ടത്. സുഗയുടെ സൈനിക സേവനം സെപ്റ്റംബര്‍ 22 ന് ആരംഭിക്കും.

 

'സുഗ തന്റെ സേവനം പൂര്‍ത്തിയാക്കി മടങ്ങിവരുന്നതുവരെ നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഉണ്ടാകണം. ഈ സമയത്ത് അദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ഞങ്ങളുടെ കമ്പനിയും പരിശ്രമിക്കും, നന്ദി' എന്നാണ് ബിഗ്ഹിറ്റ് മ്യൂസിക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ കടുത്ത നിരാശയിലാണ് ആരാധകര്‍. സുഗയുടെ എന്‍ലിസ്റ്റ്‌മെന്റിന് മുന്‍പായി അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ആരാധകര്‍ വിട്ടു നില്‍ക്കണമെന്നും ബിഗ് ഹിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ആര്‍ എം (കിം നാം ജൂണ്‍), ജിമിന്‍, വി (കിം തേഹ്യോങ്), ജൂങ്കൂക് (ജോണ്‍ ജങ് കൂക്) എന്നിവരാണ് ഇനി ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങള്‍. എല്ലാ അംഗങ്ങളും അവരുടെ സൈനിക ചുമതലകള്‍ പൂര്‍ത്തിയാക്കി 2025 ഓടെ ബാന്‍ഡ് വീണ്ടും സജീവമാകും. അടുത്തിടെ ഗ്രൂപ്പിന്റെ തലവനായ ആര്‍എം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

 

നിലവില്‍ ഗ്രൂപ്പ് ആല്‍ബങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ താരങ്ങള്‍ സോളോ പ്രൊജെക്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുഗയുടെ ആദ്യ സോളോ ആല്‍ബമായ 'ഡി-ഡേ' പുറത്തിറങ്ങിയിരുന്നു. ഒരു കെ-പോപ്പ് താരത്തിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സോളോ ആല്‍ബങ്ങളില്‍ ഒന്നാണ് 'ഡി-ഡേ'.

 

OTHER SECTIONS