By Web Desk.04 12 2022
സ്വതസിദ്ധമായ ശൈലിയിലൂടെ സിനിമയില്‍ സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തിയ നടനായിരുന്നു കൊച്ചുപ്രേമന്. കരിയറിന്റെ തുടക്കത്തില്‍, സിനിമയിലെ ഇടവേളകളില്‍ നാടകത്തിലും മിനി സ്ക്രീനിലുമായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ദൂരദര്ശന് കാലത്തുതന്നെ കൊച്ചുപ്രേമന് സീരിയല്‍ രംഗത്തെത്തി. സ്വകാര്യ ചാനലുകള്‍ എത്തിയതോടെ ഈ രംഗത്തെ തിരക്കുള്ള നടനായി മാറി.
സീരിയലില്‍ ആദ്യമായി ഡബിള്‍ റോള്‍ ചെയ്തതും കൊച്ചുപ്രേമനാണ്. നിങ്ങളുടെ സ്വന്തം ചന്തു എന്ന സീരിയലിലാണ് ഇരട്ട വേഷത്തില്‍ എത്തിയത്.
നാടകത്തെ കൊച്ചുപ്രേമന് പെറ്റമ്മയായി കരുതി, സിനിമയെയും സീരിയലിനെയും പോറ്റമ്മമാരായും. അര നൂറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.
നാടകത്തിലൂടെയാണ് കെ.എസ്.പ്രേംകുമാര്‍ എന്ന കൊച്ചു പ്രേമന് അഭിനയ രംഗത്തേക്ക് എത്തിയത്. കേരള തീയേറ്റേഴ്സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാള്‍, ഇന്ദുലേഖ, രാജന്.പി.ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
കൊച്ചുപ്രേമന്റെ നാടകം കണ്ട സംവിധായകന് ജെ.സി.കുറ്റിക്കാടനാണ് അദ്ദേഹത്തെ സിനിമയില്‍ എത്തിച്ചത്. 1979ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. എന്നാല്‍, സിനിമയില്‍ പിന്നീട് വേഷങ്ങള്‍ ലഭിച്ചില്ല.
1997ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന് രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. ഇരട്ടക്കുട്ടികളുടെ അച്ഛനിലൂടെയാണ് കൊച്ചുപ്രേമന് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്.