ഇതൊരു അസൽ ന്യൂ ജെൻ നാട്ടുവിശേഷം !!! റിവ്യൂ വായിക്കാം

By online desk.28 07 2019

imran-azhar

 

 

ചില ന്യൂ ജെൻ നാട്ടുവിശേഷങ്ങൾ പുതിയ തലമുറയ്ക്കും , പഴയ തലമുറയ്ക്കും ഒരുപോലെ ആഘോഷമാക്കാനുള്ള വലിയ വിരുന്ന് ഒരുക്കിയിരിക്കുകയാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍. പ്രണയത്തില്‍ ചാലിക്കുന്ന ജീവിതങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന സിനിമ വ്യത്യസ്ത തലത്തിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നുത്. പ്രണയവും , സൗഹൃദവും , സംഗീതവും കോമഡിയും എല്ലാം കൂടിച്ചേർന്ന ഫീൽ ഗുഡ് മൂവിയാണ് ചില ന്യൂ ജെൻ നാട്ടുവിശേഷങ്ങളെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഇന്നത്തെ ന്യൂ ജെൻ പ്രണയങ്ങൾ വെറും ഫേസ്ബുക്കിലും വാട്സാപ്പിലും മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചില ന്യൂ ജെൻ നാട്ടുവിശേഷങ്ങളിലൂടെ പറഞ്ഞിരിക്കുകയാണ് . ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്ന സംവിധായകന്റെ ചിത്രം മലയാളി പ്രേക്ഷകർക്ക് എന്നും ഒരു പുതുമയുള്ളതാണ്. പൂർണതയുള്ള സംഗീതവും , നിറമാർന്ന കാഴ്ചകളും , ഉള്ളു പൊള്ളിക്കുന്ന പ്രണയവും പറയാറുണ്ട്. ഇതിലും അത് തെറ്റിച്ചില്ലെന്ന് പ്രേക്ഷകർ പറയുന്നു.

 

പ്രണയത്തില്‍ ചാലിച്ച ജീവിതങ്ങൾ


പ്രണയത്തിനും നര്‍മ്മത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നൽകുന്ന ചിത്രമാണ് ചില ന്യൂ ജെൻ നാട്ടുവിശേഷങ്ങൾ. രണ്ടു വ്യത്യസ്തതരം പ്രണയത്തെയാണ് ചിത്രത്തിൽ പറയുന്നത്. പുതുമുഖ നടന്‍ അഖില്‍ നായകവേഷത്തിൽ എത്തിയപ്പോൾ ശിവകാമി, സോനു എന്നിവർ നായികമാരായി എത്തി കൈയ്യടിനേടി . മീനുവിന്റെയും വിനയ് യുടെയും പ്രണയത്തിലൂടെയാണ് കഥ മുന്നേറുന്നത്. കൊള്ള പലിശക്കാരനായ നായരുടെ (സുരാജ് വെഞ്ഞാറമൂട് )മകളായ മീനാക്ഷി എന്ന മീനുവും ആരോരുമില്ലാത്ത അനാഥനായ  വിനയും പ്രണയത്തിലെ രസകരവും എന്നാൽ ചലഞ്ചിങ്ങുമായ നിമിഷത്തിലൂടെയാണ് ആദ്യപകുതി കടന്നു പോകുന്നത്. തന്റെ മകളെ പ്രേമിക്കാൻ നീ അർഹനല്ലെന്ന് നായർ വിനയ് യോട് പറയുന്നതും അതിന്റെ വാശിക്ക് ഒരു വർഷം സമയം അനുവദിച്ച് ഇരുവരും മുന്നോട്ട് വെക്കുന്ന ബെറ്റിലൂടെയാണ് ചിത്രം ത്രില്ലിങ്ങായി മാറുന്നത്. വിനയ് യുടെ വലം കൈയ്യായി നടക്കുന്ന സമ്പത്ത് (ഹരീഷ് കണാരൻ ) ചിത്രത്തിനെ ആദ്യം മുതൽ അവസാനം വരെ നിലവാരമുള്ള കോമഡികൊണ്ട് ചിരിപ്പിച്ചിട്ടുണ്ട്. ഗൗരവമേറിയ സാഹചര്യങ്ങളിലെ സമ്പത്തിന്റെ കോമഡി എടുത്തു പറയേണ്ട കാര്യമാണ്. നായർ വേഷത്തിൽ എത്തിയ സുരാജ് ശെരിക്കും ഞെട്ടിച്ചിട്ടുണ്ട്. നർമ്മവും നെഗറ്റീവ് ഷേഡുള്ള കഥാപത്രത്തെ നടൻ മനോഹരമാക്കി.

 
പല ബിസിനസുകൾ സമ്പത്തും , വിനയ് യും ചേർന്ന് ആരംഭിക്കുന്നുണ്ടെങ്കിലും ഇവർക്ക് നിരാശമാത്രമാണ് ലഭിക്കുന്നത്. ഒരു വശത്ത് കടക്കെണിയിൽ വലയുന്ന വിനയ് എന്ന ചെറുപ്പക്കാരനും , മറു വശത്ത് മീനു വിനെ സ്വന്തമാക്കാൻ വേണ്ടി എന്തും ചെയ്യുമെന്ന നിശ്ചയദാർഢ്യത്തിൽ നിൽക്കുന്ന വിനയ് എന്ന കാമുകനും. ഇങ്ങനെയുള്ള വിനയ് യുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു സംഭവം ഉണ്ടാവുന്നതും അതിലൂടെ വലിയ കോയിൽ തറവാട്ടിലെ കാരണവരും മീര എന്ന പെൺകുട്ടിയും അയാളുടെ ജീവിതത്തിലേക്ക് കയറിവരുന്നതും . പിന്നിട് ഉണ്ടാവുന്ന സംഭവ ബഹുലമായ ചില കാര്യങ്ങളാണ് രണ്ടാം പകുതിയിൽ പറയുന്നത്. സത്യസന്ധമായ ചില സ്നേഹങ്ങൾക്ക് മുന്നിൽ തോറ്റു കൊടുക്കേണ്ടിവരുന്ന ചില നല്ല മനുഷ്യരെയും , പണത്തിനും സൗഭാഗ്യങ്ങൾക്ക് അപ്പുറം സ്നേഹമാണെന്ന് ഒരിക്കൽ കൂടി പറഞ്ഞിരിക്കുകയാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ .

 
എസ്‌എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തിയിട്ടുണ്ട്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അനില്‍ നാരായണനാണ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും. സന്തോഷ് വര്‍മ്മ ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നതും ഈസ്റ്റ് കോസ്റ്റ് വിജയനാണ്. ഈസ്റ്റ് കോസ്റ്റ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. നോവല്‍, മൊഹബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മാണം നിര്‍വഹിക്കുന്ന അഞ്ചാമത്തെയും, നോവലിനും മൊഹബത്തിനും ശേഷം സംവിധാനം ചെയ്യുന്ന മൂന്നാമത്തെയും ചിത്രവുമാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍.ഇത് ഫാമിലിക്കും ന്യൂ ജെൻ പിള്ളേർക്കും ഒരേപോലെ ഇഷ്ടപ്പെടുമെന്ന് നമുക്കുറപ്പിച്ച് പറയാം.

OTHER SECTIONS