By Web Desk.04 01 2023
യുവ സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. നയന സൂര്യനുമായുള്ള വ്യക്തിപരമായ അടുപ്പവും ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവയ്ക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ്:
നയന സൂര്യന്‍ ഒരു ജ്വലിയ്ക്കുന്ന സൂര്യനെപ്പോലെ പ്രത്യാശ പരത്തിയ സുഹൃത്തായിരുന്നു. പെണ്‍സിനിമ എന്ന സ്വപ്നത്തിനായി കടുത്ത പ്രതികൂല കാലാവസ്ഥയിലും തപസ്സിരുന്ന പോരാളി. അങ്ങിനെ അവള്‍ അതിന്റെ 'ക്രോസ്സ്‌റോഡ്' വരെ എത്തിപ്പിടിച്ചു. എന്നാല്‍ ആ നാലുംകൂടിയ വഴിയില്‍ അവള്‍ വീണു പോയപ്പോള്‍ അതൊരു തീരാവേദനയായി.
ഇപ്പോഴിതാ വിട പറഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം അവളുടെ പോസ്റ്റ്‌മോര്‍ട്ടം സംസാരിച്ചു തുടങ്ങുന്നു: കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍, അടിവയറ്റില്‍ ചവിട്ടേറ്റ് ഉള്ള് തകര്‍ന്ന് ചോര വാര്‍ന്നതിന്റെ തെളിവുകള്‍.
മൂന്ന് വര്‍ഷം വായിക്കാതെ പോയ മൗനങ്ങള്‍. സിനിമയുടെ ചരിത്രത്തില്‍ ദുരൂഹത മായാതെ എണ്ണമറ്റ മരണങ്ങള്‍ ഇന്നും വേദനയായി എരിയുന്നുണ്ട്. വിജയശ്രീ, ശോഭ, സില്‍ക്ക് സമിത... ആരും കൊല്ലാത്ത സ്വയം മരിച്ച നായികമാര്‍.
സംവിധായികമാര്‍ എണ്ണത്തില്‍ വിരലുകള്‍ക്കപ്പുറം കടക്കാതെ നോക്കിയിട്ടുണ്ട് 90 വര്‍ഷം പിന്നിട്ട മലയാള സിനിമയുടെ ചരിത്രം. അവിടെ നയനസൂര്യന്റെ മരണം പരത്തിയ ഇരുള്‍ നീക്കാന്‍ നമുക്കാകുമോ?
എനിക്കുറപ്പില്ല. സ്വയം കഴുത്തു ഞെരിച്ചു കൊല്ലുന്ന അത്യപൂര്‍വ്വ രോഗത്തിന്റെ പേര് ചര്‍ച്ചയിലേക്ക് വന്നിട്ടുണ്ട്. എന്നാല്‍ സ്വയം അടിവയറ്റില്‍ ചവുട്ടി ഉള്ള് കലക്കാന്‍ ശേഷിയുള്ള ആത്മഹത്യാ മാര്‍ഗ്ഗത്തെക്കുറിച്ച് ആരും പറഞ്ഞു കേട്ടിട്ടില്ല
അങ്ങിനെ കെട്ടിപ്പൂട്ടുമോ സിനിമ സ്വപ്നം കണ്ടിറങ്ങിയ ഞങ്ങളുടെ പ്രിയപ്പെട്ട സൂര്യനെ? അറിയാന്‍ കാത്തിരിക്കുന്നു. ഒരു സംവിധാനത്തെ ഉറ്റുനോക്കിക്കൊണ്ട്....
2019 ഫെബ്രുവരി 23 ന് രാത്രിയിലാണ് സുഹൃത്തുക്കള്‍ നയനയെ അബോധാവസ്ഥയില്‍ തിരുവനന്തപുരം ആല്‍ത്തറയിലുളള വാടക വീട്ടിനുള്ളില്‍ കണ്ടെത്തിയത്.