By web desk.08 06 2023
ബാഹുബലിയിലൂടെ താരസിംഹാസനം സ്വന്തമാക്കിയ നടനാണ് പ്രഭാസ്. പ്രഭാസിന്റെ ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ആദി പുരുഷ്. വന്‍ ബറ്റില്‍ ഒരുങ്ങുന്ന ചിത്രം റിലീസിനു മുമ്പുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇതിനൊപ്പം വിവാദവും വന്നുകഴിഞ്ഞു.
തിയേറ്ററുകളിലെ ഒരു സീറ്റ് ഹനുമാനു വേണ്ടി ഒഴിച്ചിടുന്ന എന്ന പ്രഖ്യാപനമാണ് ആദ്യം വിവാദമായത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയാണ് ഇപ്പോഴിതാ വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ഈ ചിത്രം.
കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീറിലീസിംഗ് ചടങ്ങിനിടെ നടന്ന സംഭവമാണ് ആദിപുരുഷനെ വീണ്ടും വിവാദത്തില്‍ തള്ളിയിട്ടത്. തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റി സ്റ്റേഡിയം താരകരാമ പവലിയനില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പ്രീറിലീസ് നടന്നത്.
അതിനിടെ തിരുപ്പതി ക്ഷേത്ര പരിസരത്തുവച്ച് സംവിധായകന്‍ ഓം റൗട്ട്, നടി കൃതി സനോണിനെ ചുംബിച്ചതാണ് വിവാദമായത്. ചടങ്ങിനു ശേഷം യാത്ര പറയുമ്പോഴായിരുന്നു കൃതിയെ ഓം റൗട്ട് കെട്ടിപ്പിടിച്ച് ചുംബിച്ചത്.
ക്ഷേത്രത്തില്‍ വച്ച് കെട്ടിപ്പിടിച്ച് ചുംബിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. സംഭവത്തില്‍ ബിജെപി നേതാവ് രമേഷ് നായിഡു നഗോത്തു പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ക്ഷേത്രത്തില്‍ വച്ച് പരസ്യമായി കെട്ടിപ്പിടിച്ച് ചുംബിച്ചത് അംഗീകരിക്കാനാവില്ല എന്നാണ് നായിഡു ട്വീറ്റ് ചെയ്തത്.
ട്വീറ്റ് ചര്‍ച്ചയായതോടെ പിന്നീട് നായിഡു ഇത് പിന്‍വലിച്ചു. എന്നാല്‍, ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുകയാണ്.
ആദിപുരുഷില്‍ രാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തില്‍ സീതയായി വേഷമിടുന്നത് കൃതി സനോണ്‍ ആണ്. സെയ്ഫ് അലി ഖാന്‍ ആണ് രാവണനായി എത്തുന്നത്.
ചിത്രം ജൂണ്‍ 16ന് തിയറ്ററുകളില്‍ എത്തും. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.