ഷമ്മി ഹീറോയായിട്ട് നാല് വർഷം; ഓർമപ്പെടുത്തി ഫഹദ് ഫാസിൽ

By Lekshmi.07 02 2023

imran-azhar

 

 

മലയാള സിനിമയുടെ ചരിത്രത്തിൽ ഫഹദ് ഫാസിലിൻ്റെ ഷമ്മി ജനപ്രിയ കഥാപാത്രമായിരുന്നു.ഒരു ക്യാരക്ടർ റോളിൽ നിന്നും നായകനായും വില്ലനായുമൊക്കെ മാനറിസങ്ങൾ മാറി മറിഞ്ഞ് ഇന്നും പിടികൊടുക്കാതെ നിൽക്കുകയാണ് ഷമ്മി.ഫഹദ് ഫാസിലിൻ്റെ കരിയറിലും ശ്രദ്ധേയ സ്ഥാനം ഷമ്മിക്കുണ്ട്.2019 ല്‍ ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന മലയാള സിനിമയിലെ കഥാപാത്രമായിരുന്നു ഷമ്മി.

 

 

നവാഗതനായ മധു സി. നാരായണൻ സംവിധാനം ചെയ്ത് ചിത്രം 2019 ഫെബ്രുവരി ഏഴിനായിരുന്നു തിയറ്ററിലെത്തിയത്.ചിത്രത്തിൻ്റെ ഓർമ പുതുക്കുകയാണ് ഫഹദ് ഫാസിൽ.മികച്ച തിയറ്റർ വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്.നടനും സംവിധായകനുമായ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, നടി നസ്രിയ നസീം എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസിലും ചേർ‍ന്നാണ് ചിത്രം നിർമിച്ചത്.

 

 

ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, മാത്യു തോമസ്, ഗ്രേസ് ആന്‍റണി, അന്നാ ബെന്‍ എന്നിവരാണ് ഫഹദ് ഫാസിലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.മുമ്പ് കാണാത്ത അഭിനയ ശൈലിയുമായി പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ.നെഗറ്റീവ് ഷേഡുള്ള പല ലെയറുകളുള്ള ഷമ്മിയെ അനായാസം മനോഹരമാക്കി മാറ്റി ഫഹദ് ഫാസിൽ.

 

 

2019 കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച ചലച്ചിത്രം, മികച്ച സ്വഭാവനടൻ അടക്കം നാല് സംസ്ഥാന പുരസ്കാരങ്ങളും നേടിയ ചിത്രം ഇപ്പോഴും മിനിസിക്രീനിൽ മികച്ച റിപ്പീറ്റ് വാല്യുവാണ് നേടുന്നത്.അന്നാ ബെൻ, മാത്യു തോമസ് എന്നിവർ തുടക്കം കുറിച്ചതും ഗ്രേസ് ആൻ്റണിയുടെ കരിയറിലും ടേണിംഗ് പോയിൻ്റായതും കുമ്പളങ്ങി നൈറ്റ്സായിരുന്നു.

 

 

ബോക്സോഫീസിൽ വലിയ വിജയം നേടിയ ചിത്രം ഭാഷാ വ്യത്യാസമില്ലാതെ ഏറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്.ചിത്രത്തിലെ ഷമ്മിയെന്ന കഥാപാത്രം ഷഹദ് ഫാസിൽ ചോദിച്ച് വാങ്ങുകയായിരുന്നു എന്ന് തിരക്കഥാകൃത്ത് ശ്യാംപുഷ്കരൻ പറഞ്ഞിട്ടുണ്ട്.ഷമ്മിയെ പ്രതിഷ്ഠിക്കുന്നതിൽ ഫഹദിൻ്റെ സംഭവന വലുതായിരുന്നതായി അണിയറ പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു.

 

 

ചിത്രത്തിലെ പ്രാധാനപ്പെട്ട ഒരു രംഗമായിരുന്നു ഫഹദ്‌ അടുക്കളയിലേക്ക്‌ കടന്നുവന്ന് ഡയലോഗ് പറയുന്നത്.തിരക്കഥയിൽ ഷമ്മി അടുക്കളയിലേക്ക്‌ കയറിനിന്ന്‌ ബേബിമോളോടും ഭാര്യ സിമിയോടും സംസാരിക്കുന്നതായാണ്‌ എഴുതിയിരുന്നത്.ക്യാമറാമാനായ ഷൈജു ഖാലിദ്‌ അതിനനുസരിച്ച്‌ ലൈറ്റെല്ലാം സെറ്റ്‌ ചെയ്‌തുവച്ചു. സംവിധായകൻ അടക്കം എല്ലാവരും കാത്തിരിക്കുമ്പോൾ വാതിൽക്കൽ പാതി മറഞ്ഞ്‌ കഴുത്തുനീട്ടിയുള്ള നോട്ടവും തുടർന്നുള്ള സംഭാഷണവുമാണ് ഫഹദ് പ്രകടമാക്കിയത്.