'കശ്മീര്‍ ഫയല്‍സ് അശ്ലീല സിനിമയായി തോന്നി': വിമര്‍ശനത്തില്‍ വിവാദം,പ്രതികരണം മോശമായിപ്പോയെന്ന് ഇസ്രയേല്‍

By web desk .29 11 2022

imran-azhar

 

പനാജി: ഗോവയില്‍ നടന്ന 53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കശ്മീര്‍ ഫയല്‍സ് സിനിമയെ ഉള്‍പ്പെടുത്തിയതിനെതിരെയുള്ള ജൂറി ചെയര്‍മാന്റെ രൂക്ഷ വിമര്‍ശനം വിവാദമായി.

 

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് ഇടംപിടിച്ചതില്‍ ജൂറി അംഗങ്ങള്‍ ഞെട്ടിയെന്നും ഇത്തരം അശ്ലീല സിനിമകള്‍ അഭിമാനകരമായ ചലച്ചിത്രോത്സവത്തില്‍ അനുചിതമാണെന്നുമായിരുന്നു ഇസ്രയേലി സംവിധായകനും ജൂറി ചെയര്‍മാനുമായ നാദവ് ലാപിഡ് വിമര്‍ശിച്ചത്.

 

'രാജ്യാന്തര സിനിമാ വിഭാഗത്തില്‍ പതിനഞ്ച് സിനിമകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതില്‍ പതിനാല് സിനിമകളും മികച്ച നിലവാരം പുലര്‍ത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. ഈ സിനിമകളെല്ലാം നന്നായി ചര്‍ച്ച ചെയ്യപ്പെട്ടു.

 

എന്നാല്‍ പതിനഞ്ചാമത്ത സിനിമയായ ദി കശ്മീര്‍ ഫയല്‍സ് കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായയതും. അത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയുള്ള അശ്ലീല സിനിമയായി തോന്നി.

 

ഇത്തരത്തില്‍ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ അനുചിതമായ ഒരു അപരിഷ്‌കൃത സിനിമയാണിത്. ഇക്കാര്യം പരസ്യമായി പറയാന്‍ തനിക്ക് ബുദ്ധിമുട്ടില്ല' - എന്നായിരുന്നു ലാപിഡിന്റെ വിമര്‍ശനം.

 

കഴിഞ്ഞ ദിവസം നടന്ന മേളയുടെ സമാപന ചടങ്ങില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അടക്കമുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു നാദവ് ലാപിഡിന്റെ രൂക്ഷ വിമര്‍ശനം.

 

അതേസമയം ചെയര്‍മാന്റെ പ്രതികരണം വളരെ മോശമായിപ്പോയെന്ന് ഇന്ത്യയിലെ ഇസ്രയേലി അംബാസിഡറായ നവോര്‍ ഗിലോണ്‍ പറഞ്ഞു.ലാപിഡ് ജൂറി അധ്യക്ഷ പദവി ദുരുപയോഗം ചെയ്തുവെന്നും ഇക്കാര്യത്തില്‍ ആതിഥേയ രാജ്യമായ ഇന്ത്യയോട് ക്ഷമചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അംബാസിഡര്‍ പറഞ്ഞു.

 

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ ജൂറിയുടെ വിമര്‍ശനം ബാധിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ലാപിഡിന്റെ രൂക്ഷ വിമര്‍ശനം ഏഴുലക്ഷത്തോളം പണ്ഡിറ്റുകള അപമാനിച്ചുവെന്നും ഇത് ചലച്ചിത്ര മേളയ്ക്ക് അപമാനകരമാണെന്നും ക്ശ്മീര്‍ ഫയല്‍സിന്റെ നിര്‍മാതാവായ അശോക് പണ്ഡിറ്റ് പറഞ്ഞു.

 

കശ്മീര്‍ ഫയല്‍സിനെ അശ്ലീല ചിത്രമെന്ന് വിളിച്ച് തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ഇസ്രയേലി ചലച്ചിത്ര നിര്‍മാതാവ് പരിഹസിച്ചു. ബിജെപി സര്‍ക്കാരിന് മൂക്കിന് താഴെയിരുന്നാണ് ഏഴ് ലക്ഷം കശ്മീരി പണ്ഡിറ്റുകളെ അദ്ദേഹം അപമാനിച്ചത്.

 

ചലച്ചിത്ര മേളയുടെ വിശ്വാസ്യതയ്ക്ക് ഇത് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.1990കളിലെ കശ്മീര്‍ പണ്ഡിറ്റുകളുടെ കൂട്ടപലായനം സംബന്ധിച്ച് വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത സിനിമയാണ് കശ്മീരി ഫയല്‍സ്.


പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ അടക്കനുള്ള പ്രമുഖ ബിജെപി നേതാക്കളെല്ലാം സിനിമയെ വലിയ തോതില്‍ പ്രകീര്‍ത്തിച്ചിരുന്നു. ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും സിനിയ്ക്ക് നികുതി ഇളവ് നല്‍കുകയും ചെയ്തിരുന്നു. ചിത്രം ഇന്ത്യന്‍ പനോരമയിലും അന്താരാഷ്ട്ര മത്സരവിഭാഗത്തിലും പ്രദര്‍ശനത്തിനെത്തിയിരുന്നു.

 

 

 

OTHER SECTIONS