By web desk.31 05 2023
ജീവിതത്തിലും സിനിമയിലും പതിവു വഴികളില്‍ നിന്ന് മാറിയ സഞ്ചരിച്ചയാള്‍! മലയാളികളുടെ ഒരേയൊരു ജോണ്‍, ജോണ്‍ എബ്രഹാം! ധിക്കാരി, സിനിമയിലും എഴുത്തിലും പതിവു സങ്കല്‍പ്പങ്ങളെ തച്ചുടച്ച പ്രതിഭ... ഇങ്ങനെ ജോണിനുള്ള വിശേഷണങ്ങള്‍ നിരവധിയാണ്. ജീവിതം പോലെ മരണത്തിലും ഒരു ജോണ്‍ എബ്രഹാം ടച്ച് നല്‍കിയിട്ടാണ് ആ പ്രതിഭ അകാലത്തില്‍ പൊലിഞ്ഞത്.
നാലു സിനിമകള്‍ മാത്രമാണ് ജോണ്‍ എബ്രഹാം സൃഷ്ടിച്ചത്. ഈ ചിത്രങ്ങളിലൂടെയും അതിനേക്കാള്‍ സിനിമാറ്റിക്കായ ജീവിതത്തിലൂടെയുമാണ് ജോണ്‍ അറിയപ്പെടുന്നത്. വിദ്യാര്‍ഥികളെ ഇതിലേ ഇതിലേ, അഗ്രഹാരത്തിലെ കഴുതൈ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, അമ്മ അറിയാന്‍ എന്നിവയാണ് നാലു സിനിമകള്‍.
വിദ്യാര്‍ഥികളെ ഇതിലേ ഇതിലെയായിരുന്നു ആദ്യ ചിത്രം. അഗ്രഹാരത്തിലെ കഴുതൈ ആയിരുന്നു ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. തമിഴകത്ത് അഗ്രഹാരത്തിലൂടെ ഒരു കഴുതയെ കയറ്റിനടത്തി ജോണ്‍ തന്റെ നയം വ്യക്തമാക്കുകയായിരുന്നു. ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നു അത്. പ്രമേയത്തിലും അവതരണത്തിലും വേറിട്ടുനില്‍ക്കുന്ന ചിത്രമാണിത്.
കറുത്ത ഹാസ്യം നിറയുന്ന ചെറിയാച്ചന്റെ ക്രൂരകൃത്യത്തില്‍ വരച്ചിടുന്നത് നിസ്സഹായതയുടെ ഭീതിയിലേക്കു വീഴുന്ന മധ്യവര്‍ത്തി സമൂഹത്തിന്റെ ചിത്രമാണ്. ചെറിയാച്ചന്‍ എന്ന വ്യക്തിയുടെ ജീവിതപരിസരത്തിലൂടെ സമൂഹത്തിന്റെ നേര്‍ചിത്രം വരച്ചിടുകയാണ് ഈ ചിത്രത്തില്‍ ജോണ്‍ ചെയ്യുന്നത്.
ജോണിന്റെ ഏറ്റവും മികച്ച സൃഷ്ടി അമ്മ അറിയാന്‍ ആണ്. ജോണിന്റെ അവസാന ചിത്രവും ഇതാണ്. ഒരു പുരുഷന്റെ യാത്രയാണ് ചിത്രം. യാത്രാ മധ്യേ, ഹരി എന്ന തബലിസ്റ്റിന്റെ മൃതദേഹം കാണുന്നു. ഹരി ആത്മഹത്യ ചെയ്തത് അമ്മയെ അറിയിക്കാനാണ് തുടര്‍ന്നുള്ള യാത്ര. ആ യാത്രയില്‍ കാണുന്ന കാര്യങ്ങളും സംഭവങ്ങളും അമ്മയെ പുരുഷന്‍ എഴുതി അറിയിക്കുന്നതാണ് ചിത്രത്തിന്റെ കഥാഗതി.
കോഴിക്കോട് അങ്ങാടിയിലെ മിഠായി തെരുവിലെ പണിഞ്ഞുകൊണ്ടിരുന്ന ഒയാസിസ് കോംപ്ലക്‌സിന്റെ മുകളില്‍ നിന്ന് ജോണ്‍ മരണത്തിലേക്ക് പതിച്ചിട്ട് 2023 മേയ് 31 ന് 33 വര്‍ഷം. എന്നാല്‍, സിനിമയുള്ളിടത്തോളം കാലം ജോണ്‍ നമുക്കൊപ്പമുണ്ടായിരിക്കും.