By Web Desk.06 02 2023
വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി നടന്‍ ഇന്ദ്രന്‍സ്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ആരെയും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വം ശ്രമിച്ചിട്ടില്ല. വാക്കുകള്‍ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല.
ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്.
മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
എല്ലാവരോടും സ്‌നേഹം
ഇന്ദ്രന്‍സ്
അഭിമുഖത്തിലെ ഇന്ദ്രന്‍സിന്റെ പരാമര്‍ശങ്ങളില്‍ ചിലത്:
ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ആളുകള്‍ നടിയ്ക്ക് പിന്തുണ നല്‍കുമായിരുന്നു. സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ എത്രയോ മുകളിലാണ്. അത് മനസ്സിലാക്കാത്തവര്‍ മാത്രമേ തുല്യതയ്ക്ക് വേണ്ടി സംസാരിക്കൂ.
ഡബ്ല്യുസിസി ഇല്ലെങ്കില്‍ പോലും നടി അക്രമിക്കപ്പെട്ട കേസില്‍ നിയമനടപടികള്‍ അതിന്റെ വഴിയെ നടന്നേനെ. ഈ സംഘടന ഇല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ആള്‍ക്കാര്‍ പിന്തുണയുമായി രംഗത്തെത്തുമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമാ മേഖലയില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ട്. പരസ്പരം വിശ്വാസമില്ലാത്ത അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയെ ചെറുപ്പം തൊട്ടേ അറിയാം. മകളെ പോലെയാണ്. അതേസമയം, സത്യം തിരിച്ചറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനാക്കുക. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഞെട്ടലുണ്ടാക്കുമെന്നും ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പറയുന്നു.