പ്രണയം സിനിമയോട് മാത്രം; മമ്മൂക്ക മലയാളം പഠിപ്പിച്ചു; മഞ്ജു ചേച്ചി സ്വീറ്റ്

By ബി.വി. അരുണ്‍കുമാര്‍.12 04 2021

imran-azharലാല്‍ജോസിന്റെ നീന എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ മുംബൈക്കാരി. ദീപ്തി സതി ഏഴു മലയാളം സിനിമകളിലാണ് ഇതുവരെ അഭിനയിച്ചത്. 'എന്റെ സ്വപ്നമായിരുന്നു ഒരു നടിയാകണമെന്നത്. വലിയ നാണമുള്ള കുട്ടിയായിരുന്നു. അതിനാല്‍, വീട്ടുകാരോടു പോലും ആഗ്രഹം പറഞ്ഞില്ല. ഡിഗ്രി പഠനം തുടങ്ങിയപ്പോള്‍, എന്റെ ആഗ്രഹം അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് അത്ര പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഞാന്‍ മിസ് കേരളയായി. തുടര്‍ന്ന് എന്റെ സിനിമാ ജീവിതവും തുടങ്ങി.' ദീപ്തി സതി പറയുന്നു.

 

നീനയില്‍ എത്തിയത്

മിസ് കേരള മത്സരത്തിന് വിധികര്‍ത്താവായി ഉണ്ടായിരുന്ന സംവിധായകന്‍ രാജേഷാണ് എന്റെ നമ്പര്‍ ലാല്‍ ജോസ് സാറിന് കൊടുത്തത്. ലാല്‍ സാര്‍ ഫോണില്‍ വിളിച്ച് അദ്ദേഹത്തിന്റെ സിനിമയിലേക്ക് ഒരു പുതുമുഖ നായികയെ വേണമെന്ന് പറഞ്ഞു. എന്റെ അമ്മ കൊച്ചിക്കാരിയാണ്. ലാല്‍ ജോസ് സാറിനെ അമ്മയ്ക്ക് അറിയാമായിരുന്നു. എനിക്കാണെങ്കില്‍ മലയാളം ഒട്ടും അറിയില്ല. ലാല്‍ സാറിനോട് അമ്മ ചോദിച്ചിരുന്നു, മലയാളം ഒരു വാക്കുപോലും അറിയാത്ത കുട്ടിയെ നിങ്ങള്‍ക്ക് സിനിമയിലേക്ക് പറ്റുമോയെന്ന്. അദ്ദേഹം പറഞ്ഞ മറുപടി, അതിനൊക്കെ ഇവിടെ അസിസ്റ്റന്റുമാരുണ്ട്, അവര്‍ നോക്കിക്കോളും എന്നാണ്. അങ്ങനെ കൊച്ചിയില്‍ വന്നു, ഓഡിഷന്‍ ചെയ്തു. ലാല്‍ സാര്‍ സിനിമയ്ക്കായി കരുതിയ കഥാപാത്രത്തിന് പറ്റിയ പെണ്‍കുട്ടി ഞാനാണെന്ന് അദ്ദേഹം പറഞ്ഞു.മമ്മൂട്ടിക്കൊപ്പം

ശ്യാംധര്‍ ചേട്ടനാണ് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലേക്കുവിളിച്ചത്. മമ്മൂട്ടി നായകനായുള്ള സിനിമ ചെയ്യുന്നുണ്ടെന്നും അതിലേക്ക് താത്പര്യമുണ്ടോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. മമ്മൂക്കയെ പോലൊരാളുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റുന്നതു തന്നെ വലിയ ഭാഗ്യമാണ്. മാത്രമല്ല, എന്റെ രണ്ടാമത്തെ മലയാള സിനിമയും. മമ്മൂക്കയെ ഒരു സെലിബ്രിറ്റി ലെവലില്‍ മാത്രമാണ് അറിയാവുന്നത്. ഗൗരവക്കാരനാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് വളരെ സഹായമായിരുന്നു മമ്മൂക്ക. മലയാളം പറയാനുള്ള ബുദ്ധിമുട്ടൊക്കെ അദ്ദേഹം മാറ്റിയെടുത്തു.

 

മഞ്ജു ചേച്ചി സ്വീറ്റ്

മലയാള സിനിമയില്‍ ഒരുപാട് കഴിവുകളുള്ള നടന്‍മാരുണ്ട്. മമ്മൂക്ക, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരോടൊപ്പമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. ലാലേട്ടനോടൊപ്പം അഭിനയിക്കണമെന്നുണ്ട്. പക്ഷേ അവസരം കിട്ടിയിട്ടില്ല. സോളോ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ത്രൂ ഔട്ട് അദ്ദേഹത്തോടൊപ്പം ഒരു സിനിമകൂടിചെയ്യണമെന്നുണ്ട്. മഞ്ജുവാര്യര്‍ ചേച്ചിയോടൊപ്പം ലളിതം സുന്ദരം ചെയ്തു. ചേച്ചിയോടൊപ്പമുള്ള അഭിനയം ഹൃദ്യമായിരുന്നു. വളരെ സിംപിളാണ് ചേച്ചി. വെരി സ്വീറ്റ് എന്നു വേണമെങ്കില്‍ ചേച്ചിയെ വിശേഷിപ്പിക്കാം. ചേച്ചിയോടൊപ്പം വീണ്ടും സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം.

 

വെബ് സീരീസ്, പാചകം

ഇപ്പോള്‍ ഒരു ഹിന്ദി വെബ് സീരീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. കിച്ചനില്‍ കയറാറുണ്ടെങ്കിലും അത്ര വലിയ പാചകവിദഗ്ധയൊന്നുമല്ല ഞാന്‍. അമ്മ അക്കാര്യത്തില്‍ പുലിയാണ്. എനിക്ക് കേക്ക് പോലുള്ള സാധനങ്ങള്‍ ഉണ്ടാക്കുന്നതിനോടാണ് താത്പര്യം. വെജിറ്റേറിയന്‍ ആഹാരങ്ങളോടാണ് ഇഷ്ടം. ചിലപ്പോള്‍ നോണ്‍ വെജും കഴിക്കാറുണ്ട്. വീട്ടുകാര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ കര്‍ശന നിലപാടാണ്. അതിനാല്‍ ഒന്നുംതന്നെ പുറത്തുനിന്നു വാങ്ങില്ല. എല്ലാം വീട്ടിലുണ്ടാക്കും.


കേരള സദ്യയാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഒരുപാട് കൂട്ടാനുണ്ടാകുമല്ലോ. സാമ്പാര്‍, രസം, പപ്പടം ഇതൊക്കെ കൂട്ടി ആഹാരം കഴിക്കാനാണ് ആഗ്രഹം. പിന്നെ പായസവും ഏറെ ഇഷ്ടമാണ്. അടപ്പായസമാണ് ഇഷ്ടം.

 

ഒറ്റ മകള്‍

ഞാന്‍ ഏക മകളാണ്. അതിന്റേതായ ചെല്ലം തന്നാണ് വളര്‍ത്തിയത്. എന്തെങ്കിലും കാര്യത്തിനു വേണ്ടി ഞാന്‍ ശാഠ്യം പിടിച്ചിട്ടില്ല. അതൊക്കെ വീട്ടുകാര്‍ അറിഞ്ഞു സാധിച്ചു തരും. ഞാന്‍ അഭിനയിക്കുന്നതില്‍ അച്ഛനും അമ്മയ്ക്കും അത്ര താത്പര്യമൊന്നും ഇല്ല. പഠനം കഴിഞ്ഞ് എന്തു വേണേലും ചെയ്തോ എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. പിന്നെ ഞാന്‍ ജോലി ചെയ്തവരൊക്കെ നല്ല ആള്‍ക്കാരായിരുന്നു. അതിനാല്‍ വീട്ടുകാര്‍ക്ക് നോ പ്രോബ്ളം. പിന്നെ സ്വന്തം മകള്‍ അഭിനയിക്കാന്‍ പോകുന്നു എന്നു പറയുമ്പോല്‍ രക്ഷിതാക്കള്‍ എന്ന നിലയില്‍ ആര്‍ക്കായാലും ചെറിയൊരു ടെന്‍ഷനുണ്ടാകുമല്ലോ.

 

റോള്‍ മോഡല്‍

എന്റെ അമ്മയാണ് റോള്‍മോഡല്‍. എനിക്കു വേണ്ടി അമ്മ ബാങ്കിലെ ജോലി പോലും വേണ്ടെന്നു വച്ചു. ഷൂട്ടിംഗിന് എന്റെ കൂടെ വരുന്നതെല്ലാം അമ്മയാണ്. എനിക്ക് മലയാളം തീരെ അറിയില്ലായിരുന്നു. എന്തെങ്കിലും സംസാരിക്കണമെങ്കില്‍ അമ്മയുടെ സഹായം വേണം. അങ്ങനെയാണ് മൂന്നുവര്‍ഷം മുമ്പ് അമ്മ സര്‍വീസില്‍ നിന്നും വിആര്‍എസ് എടുത്ത് എന്നോടൊപ്പം കൂടി. എനിക്കുവേണ്ടി ഇത്രയും വലിയൊരു ത്യാഗം ചെയ്ത അമ്മയെ അല്ലാതെ വേറെ ആരെയാണ് ഞാന്‍ റോള്‍ മോഡലാക്കേണ്ടത്.

 

വിവാഹം, പ്രണയം

ഇതുവരെ ആലോചനകളൊന്നും വന്നിട്ടില്ല. വീട്ടുകാര്‍ അതിനെക്കുറിച്ച് ഇതുവരെ സംസാരിച്ചിട്ടുമില്ല. സിനിമയില്‍ കുറച്ചുകൂടി എന്തെങ്കിലുമൊക്കെ ആയിട്ട് വിവാഹം കഴിക്കാമെന്നാണ് ആലോചന. പ്രണയിക്കാനുള്ള സമയമൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ഞാന്‍ പന്ത്രണ്ടാം ക്ലാസുവരെ പെണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളിലായിരുന്നു പഠിച്ചത്. ഡിഗ്രി മാത്രമാണ് മിക്സഡ് കോളേജില്‍ പഠിച്ചത്. അവിടെ വച്ചുതന്നെ സിനിമയിലേക്ക് വന്നു. സിനിമയ്ക്കിടെ ഡിഗ്രി പൂര്‍ത്തിയാക്കിയെന്നു മാത്രം. എന്റെ പ്രണയം സിനിമയോടു മാത്രമാണ്.

 

രണ്ടാം വീട് കേരളം

ഞാന്‍ ജനിച്ചു വളര്‍ന്നതൊക്കെ മുംബൈയിലാണ്. പക്ഷേ കേരളം ഏറെ മനോഹരമായ സ്ഥലമാണ്. കൊച്ചിയില്‍ ഒത്തിരി സുഹൃത്തുക്കളുണ്ട്. കേരളം എന്റെ രണ്ടാമത്തെ വീടാണ്. അവിടെ നല്ല സ്ഥലം വാങ്ങി വീടുവച്ച് താമസിക്കണമെന്നാണ് ആഗ്രഹം.

 

 

 

 

 

OTHER SECTIONS