By santhisenanhs.23 06 2022
പ്രശസ്ത സംവിധായകൻ ഐ.വി ശശിയുടെ ശ്രദ്ധേയ ചലച്ചിത്രങ്ങൾ ഉൾപ്പെടുത്തി മൂന്ന് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഐ. വി ശശി ഫിലിം ഫെസ്റ്റിവലിന് 23 ന് ഭാരത് ഭവനിൽ തുടക്കമാകും.
വൈകുന്നേരം 4.30 ന് ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതി ഹൈ ക്യു തീയ്യറ്ററിൽ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാ ടന സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് പി. വി ഗംഗാധരൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ജി.എസ് വിജയൻ, വി.എസ്. ശിവകുമാർ, അജോയ് ചന്ദ്രൻ, മധുപാൽ, ഫൈസൽഖാൻ, അഡ്വ.കെ.ചന്ദ്രിക, റോബിൻ സേവ്യർ,വിജയ് മോഹൻ, മണക്കാട് രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഐ.വി ശശിയുടെ ഏറ്റവുമധികം സിനിമകൾ നിർമ്മിച്ച പി.വി ഗംഗാധരനെ ചടങ്ങിൽ മന്ത്രി ആദരിക്കും.
ജൂൺ 23, 24, 25 തീയ്യതികളിലായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിൽ അങ്ങാടി, ഈറ്റ, ഇതാ ഇവിടെ വരെ, അവളുടെ രാവുകൾ, തൃഷ്ണ, അതിരാത്രം, ദേവാസുരം എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും വയലാർ സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.