സംവിധാനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ജഗന്‍ ഷാജി കൈലാസ്; ആദ്യചിത്രത്തില്‍ നായകന്‍ സിജു വില്‍സണ്‍

By Greeshma Rakesh.26 05 2023

imran-azhar

 


പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാന രംഗത്തേക്ക്. രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന്‍ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയവുമായാണ് ജഗന്റെ അരങ്ങേറ്റം. ഇതിനു മുമ്പ് അഹാന കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി 'കരി' എന്നൊരു മ്യൂസിക്കല്‍ ആല്‍ബവും ജഗന്‍ ചെയ്തിരുന്നു.

 

എം.പി.എം. പ്രൊഡക്ഷന്‍സ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ജഗന്റെ ആദ്യചിത്രം നിര്‍മ്മിക്കുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമായിരിക്കും വരാന്‍ പോകുന്നത്.

 

യുവനടന്മാരില്‍ ശ്രദ്ധേയനായ സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ് ഐ ബിനുലാല്‍ എന്ന കഥാപാത്രത്തെയാണ് സിജു ചെയ്യുന്നത്. സര്‍വീസില്‍ ആദ്യമായി ചുമതലയേല്‍ക്കുന്ന എസ് ഐ ആയ ബിനുലാലിലൂടെയാണ് കഥ നീങ്ങുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമപ്രദേശങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

 

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ബോളിവുഡില്‍ നിന്നുള്ള ഒരു അഭിനേതാവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സഞ്ജീവ് എസ്. ആണ് ചിത്രത്തിന്റെ തിരക്കഥ. ഗോപി സുന്ദറിന്റേതാണ് സംഗീതം. ജാക്‌സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

 

എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യന്‍, കലാസംവിധാനം - ഡാനി മുസ്സരിസ്, മേക്കപ്പ് - അനീഷ് വൈപ്പിന്‍, കോസ്റ്റ്യൂം ഡിസൈന്‍. - വീണാ സ്യമന്തക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സ്യമന്തക്, പ്രൊജക്റ്റ് ഡിസൈനേഴ്‌സ്- ആന്‍സില്‍ ജലീല്‍ - വിശ്വനാഥ്.ഐ, പിആര്‍ഒ- വാഴൂര്‍ ജോസ്.ജൂണ്‍ രണ്ടിന് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചിയില്‍ നടക്കും. ജൂണ്‍ അഞ്ച് മുതല്‍ പാലക്കാട്ട് ചിത്രീകരണവുമാരംഭിക്കും.

 

OTHER SECTIONS