ഒ.ടി.ടി., സാറ്റലൈറ്റ് റൈറ്റുകളിലൂടെ റിലീസിന് മുൻപേ കോടികൾ വാരി ജവാന്‍

By santhisenanhs.25 09 2022

imran-azhar

 

ആറ്റ്ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് നായകനാവുന്ന ജവാന്‍ ചിത്രം റിലീസിനു മുന്‍പേ നേടിയ തുക സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ ഒടിടി അവകാശമെന്ന് കഴിഞ്ഞ ജൂണില്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ സാറ്റലൈറ്റ് അവകാശം വില്‍പ്പനയായതായുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.

 

ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വാങ്ങിയിരിക്കുന്നത് 120 കോടി രൂപയ്ക്കാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയ്ക്കാണെന്നാണ് വിവരം. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ സാറ്റലൈറ്റ്, ഒടിടി അവകാശങ്ങള്‍ ചേര്‍ത്താല്‍ 250 കോടിയുടെ ബിസിനസ് ആണ് ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്.

 

നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍സിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രവുമാണ് ഇത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ജവാന്‍റെ റിലീസ് തീയതി 2023 ജൂണ്‍ 2 ആണ്. ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. റോയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം.

OTHER SECTIONS