By Greeshma Rakesh.24 05 2023
താരങ്ങളോടുള്ള ആരാധന അതിരുകടക്കുന്ന കാഴ്ച്ചകള്‍ ഇന്ന് വിരളമല്ല. പ്രത്യേകിച്ച് തെലുങ്ക് സിനിമാ ലോകത്തെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമൊന്നുമല്ല. തങ്ങളുടെ ഇഷ്ട്ട താരത്തിന്റെ പേരില്‍ ക്ഷേത്രം നിര്‍മിക്കുന്നതു മുതല്‍ സിനിമാ പ്രദര്‍ശനം നടക്കുന്ന തിയേറ്ററിനകത്ത് വെടിക്കെട്ട് നടത്തുന്നതുവരെ സ്ഥിരം കാഴ്ച്ചയാണ്.
എന്നാല്‍ ഇത്തരത്തില്‍ അതിരുവിട്ട ആരാധനയുടെ ഫലമായി ആന്ധ്രയില്‍ ഒരു ആരാധകന്‍ അറസ്റ്റിലായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഓസ്‌കര്‍ പുരസ്‌കാരത്തില്‍ തിളങ്ങി നില്‍ക്കുന്ന യുവസൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആറിന്റെ നാല്പതാം പിറന്നാളാണ് രണ്ടുദിവസം മുമ്പ് കഴിഞ്ഞത്.
താരത്തോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ രണ്ട് ആടുകളെ കൊന്ന് അതിന്റെ രക്തം കൊണ്ട് ജൂനിയര്‍ എന്‍.ടി.ആറിന്റെ ഫ്‌ളക്‌സില്‍ അഭിഷേകം നടത്തിയതാണ് പോലീസ് നടപടിയിലേക്ക് നയിച്ചത്. ആന്ധ്രയിലെ മച്ചിലിപട്ടണത്തിലാണ് സംഭവം.
ഈ മാസം 20-ാം തീയതിയായിരുന്നു എന്‍.ടി.ആറിന്റെ ജന്മദിനം. മച്ചിലിപട്ടണത്തെ സിരി കൃഷ്ണ, സിരി വെങ്കടാ തിയേറ്ററുകള്‍ക്ക് സമീപത്തേക്ക് ആഘോഷമായെത്തിയ ആളുകളില്‍ ചിലരാണ് ആടുകളെ കൊന്നത്.
തുടര്‍ന്ന് ആടുകളുടെ മൃതശരീരവും ആയുധങ്ങളും ഇവര്‍ സ്ഥലത്തുനിന്ന് മാറ്റി. സംഭവത്തില്‍ പി. ശിവ നാഗരാജു, കെ. സായി, ജി. സായി, ഡി. നാഗഭൂഷണം, പി. നാഗേശ്വരറാവു, വൈ. ധരണി, പി. ശിവ, ബി. അനില്‍ കുമാര്‍ എന്നിവരെ റോബര്‍ട്ട്‌സോന്‍പേട്ട് പോലീസ് അറസ്റ്റ് ചെയ്തു.
വിജയവാഡയിലും ആരാധകരുടെ ആഹ്ലാദം അതിരുവിട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍.ടി.ആര്‍ 2003-ല്‍ അഭിനയിച്ച സിംഹാദ്രി എന്ന ചിത്രം അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ റിറീലീസ് ചെയ്തിരുന്നു. ഫോര്‍ കെ ഫോര്‍മാറ്റിലെത്തിയ ചിത്രത്തിന്റെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കവേ ആരാധകര്‍ തിയേറ്ററിനകത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. സംഭവത്തില്‍ മുന്നിലെ രണ്ട് നിര സീറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.