ബോക്‌സോഫീസില്‍ ചരിത്രമെഴുതി '2018'; ആഗോളതലത്തില്‍ 150 കോടി നേടുന്ന ആദ്യ മലയാള ചിത്രം

By Greeshma Rakesh.27 05 2023

imran-azhar

 


ബോക്‌സോഫീസില്‍ പുതുചരിത്രമെഴുതി ജൂഡ് ആന്തണി ചിത്രം '2018 Everyone Is A Hero'. ആഗോളതലത്തില്‍ ബോക്‌സോഫീസില്‍ നിന്ന് 150 കോടി രൂപ നേടുന്ന ആദ്യ മലയാള ചിത്രമെന്ന് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് '2018'. റിലീസ് ചെയ്ത് മൂന്ന് വാരം പിന്നിടുമ്പോഴാണ് ഈ ചരിത്ര നേട്ടം.

 

2018-ന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നേട്ടത്തെക്കുറിച്ചുള്ള പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. 150 കോടിക്കൊപ്പം നില്‍ക്കുമ്പോഴും താന്‍ തലകുനിച്ചു കൈകൂപ്പി പ്രേക്ഷകരെ വന്ദിക്കുന്നുവെന്നാണ് വേണു കുറിച്ചത്. അതിരുകടന്ന ആഹ്ലാദമോ അഹങ്കാരമോ ഇല്ല, ഇതെല്ലാം ദൈവ നിശ്ചയമാണെന്നാണ് നിര്‍മാതാവ് പറയുന്നത്.

 


നേരത്തെ ലോകമൊട്ടാകെ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന നേട്ടം പുലിമുരുകനില്‍ നിന്നും 2018 സ്വന്തമാക്കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 146 കോടി രൂപയാണ് പുലിമുരുകന്റെ കളക്ഷന്‍. 2018 ഇന്‍ഡസ്ട്രി ഹിറ്റിലേയ്ക്ക് നീങ്ങുന്ന കാഴ്ചയ്ക്കാണ് ബോക്‌സോഫീസ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പുലിമുരുകന്റെ കേരള ഗ്രോസ് ദിവസങ്ങള്‍ക്കുള്ളില്‍ 2018 മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങളെ അണിനിരത്തി നടനും സംവിധായകനും നിര്‍മ്മാതാവുമായ ജൂഡ് ആന്തണി ജോസഫ് സംവിധാനം നിര്‍വഹിച്ച '2018 Everyone Is A Hero' മെയ് അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തിയത്.

 

'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷന്‍സ് 'എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്‍മജന്റെതാണ് സഹതിരക്കഥ. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ചമന്‍ ചാക്കോ ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിന്‍ പോളും സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

 

 

OTHER SECTIONS