By santhisenanhs.03 10 2022
അന്തരിച്ച പ്രമുഖ വ്യവസായിയും നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ച് നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍. കഴിഞ്ഞയാഴ്ച ദുബൈ സന്ദര്‍ശന വേളയില്‍ രാമചന്ദ്രനെ താന്‍ കണ്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹമെന്നും കുഞ്ഞുമോന്‍ പറയുന്നു.
കെ ടി കുഞ്ഞുമോന്റെ വാക്കുകൾ:
അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു എന്ന വാർത്ത എന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്ക വയ്യ. ഉറ്റ മിത്രത്തിൻ്റെ പെട്ടന്നുള്ള ഈ വേർപാട് എന്നെ അതീവ ദുഃഖിതനാക്കുന്നു. കഴിഞ്ഞ ആഴ്ച ദുബൈ സന്ദർശന വേളയിൽ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താൻ എന്ന് പറഞ്ഞു. വഞ്ചനയിലും ചതിക്കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങൾ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഉണ്ടായ എൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷെ ഒറ്റ രാത്രിയിൽ എല്ലാം അവസാനിച്ചു. പലരുടെയും ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ് അവസാനം സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം തൻ്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ച് യാത്രയായി. ആ നല്ല ആത്മാവിൻ്റെ നിത്യ ശാന്തിക്കായി ദൈവത്തോട് പ്രാർഥിക്കുന്നു.